ഗോത്രസ്മരണയില്‍ കോവില്‍മലയില്‍ കാലാവൂട്ട് ഉത്സവവും കൂത്തും
ഗോത്രസ്മരണയില്‍ കോവില്‍മലയില്‍ കാലാവൂട്ട് ഉത്സവവും കൂത്തും

ഇടുക്കി: പരദേവതയായ മുത്തിയമ്മയുടെ അനുഗ്രഹം വാങ്ങി, മഹാകാവ്യമായ ചിലപ്പതികാര കഥയിലെ കണ്ണകി-കോവിലന്‍ കഥ, പാട്ടുകളും ചൊല്ലുകളുമായി മുഴങ്ങി. സ്ത്രീവേഷധാരികളായ പുരുഷന്‍മാര്‍ ചൊല്ലിനൊത്ത് കൂത്തരങ്ങില്‍ ആടിത്തിമിര്‍ത്തു. കോവില്‍മല ശ്രീമുത്തിയമ്മ ദേവി ക്ഷേത്രത്തില്‍ മന്നാന്‍ സമുദായത്തിന്റെ ഉത്സവമായ കാലാവൂട്ടിനോടനുബന്ധിച്ചാണ് പരമ്പരാഗത കലാരൂപമായ കൂത്ത് അരങ്ങേറിയത്. ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം രാത്രിയോടെ ആരംഭിച്ച കൂത്ത് പുലര്‍ച്ചെ വരെ നീണ്ടു. പാട്ടുകളും ചൊല്ലുകളും സംഭാഷണങ്ങളും ഇടകലര്‍ന്ന കൂത്തിന്റെ പിന്നണിയില്‍ ചെണ്ട, ജാലറ, ചിലങ്ക, ഗിഞ്ചറ തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങളുമായി ഗായകരടക്കമുള്ള സംഘവുമുണ്ട്. ആറ് നൂറ്റാണ്ടോളം പഴക്കമുള്ള കലാരൂപമാണിത്.
വിളവ് നല്‍കിയ പ്രകൃതിയോടുള്ള നന്ദി പ്രകാശനവും അടുത്തവര്‍ഷം മികച്ച വിളവ് നല്‍കി അനുഗ്രഹിക്കണമെന്നുള്ള പ്രാര്‍ഥനയുമാണ് കാലാവൂട്ട് ഉത്സവത്തിന്റെയും കൂത്തിന്റെയും അടിസ്ഥാനം. സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളില്‍ നിന്നുള്ള മന്നാന്‍ സമുദായ അംഗങ്ങളടക്കം നൂറുകണക്കിനാളുകള്‍ ഉത്സവത്തിലും കൂത്തിലും പങ്കാളികളായി. 46 കുടികളിലെ ഉത്സവത്തിന് ശേഷമാണ് കോവില്‍മലയിലെ രാജസന്നിധിയില്‍ കാലാവൂട്ട് ഉത്സവം നടക്കുന്നത്.
What's Your Reaction?






