ഇടുക്കി: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാരം നേടി കട്ടപ്പന വില്ലേജ് ഓഫീസര്‍ അമ്പിളി പി മോഹനന്‍. കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യു അവാര്‍ഡിലാണ് മികച്ച വില്ലേജ് ഓഫീസറായി അമ്പിളി തെരഞ്ഞെടുക്കപ്പെട്ടത്. കട്ടപ്പന വില്ലജ് ഓഫീസിന് മൂന്നാം തവണയാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2022-ല്‍ പ്രഖ്യാപിച്ച റവന്യു അവാര്‍ഡില്‍ ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി കട്ടപ്പന വില്ലേജ് ഓഫീസര്‍ ജെയ്‌സണ്‍ ജെ ഒഴുകയിലിനും 2024-ല്‍ എം ജോര്‍ജുകുട്ടിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ ക്ലര്‍ക്കായാണ് അമ്പിളി ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുന്നത്. വയനാട് വൈത്തിരി താലൂക്ക് ഓഫീസില്‍ കൂട്ട സ്ഥലമാറ്റത്തിന്റെ ഭാഗമായി ഏതാനും മാസം ജോലി ചെയ്തതിന് ശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട ഓഫീസുകളായ ഉടുമ്പന്‍ചോല റവന്യു റിക്കവറി ഓഫീസ്, ഉടുമ്പന്‍ചോല താലൂക്ക് ഓഫീസ്, ഉടുമ്പന്‍ചോല എല്‍എ ഓഫീസ്, എന്നിവിടങ്ങളില്‍ തിരിച്ചെത്തി ക്ലര്‍ക്കായും, സീനിയര്‍ ക്ലര്‍ക്കായും ജോലി ചെയ്തു. തുടര്‍ന്ന് 2017-ല്‍ ഉടുമ്പന്‍ചോല താലൂക്കിലെ പാറത്തോട് വില്ലേജില്‍ ആദ്യമായി വില്ലേജ് ഓഫീസറായി സ്ഥാനകയറ്റം കിട്ടി. തുടര്‍ന്ന് ഉടുമ്പന്‍ചോല റവന്യു റിക്കവറി ഓഫീസില്‍ ജോലി ചെയ്തതിന് ശേഷം ജന്മനാടായ ഇരട്ടയാര്‍ വില്ലേജ് ഓഫീസറായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി താലൂക്കിലെ കട്ടപ്പന ഭൂമി പതിവ് ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കട്ടപ്പന വില്ലേജ് ഓഫീസറായി അമ്പിളി എത്തുന്നത്.
മുണ്ടിയെരുമയിലാണ് വീട്. കട്ടപ്പന വില്ലേജ് ഓഫീസിലെ തന്റെ സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് മികച്ച വില്ലേജ് ഓഫീസര്‍ അവാര്‍ഡിന് തന്നെ അര്‍ഹയാക്കിയതെന്ന് അമ്പിളിമോള്‍ പി മോഹനന്‍ പറഞ്ഞു. കട്ടപ്പന വില്ലേജ് ഓഫീസര്‍ അമ്പിളിയെ കൂടാതെ പീരുമേട് താലൂക്കില്‍പ്പെട്ട കുമളി വില്ലേജ് ഓഫീസര്‍ സജിലാല്‍, തൊടുപുഴ താലൂക്കിലെ തൊടുപുഴ വില്ലേജ് ഓഫീസര്‍ സുധര്‍മ്മ കുമാരി ബി എന്നിവരെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.