നിര്‍മാണ നിരോധനം പിന്‍വലിക്കാനുള്ള കാലതാമസം മുഖ്യമന്ത്രിയുടെ ദുഷ്ടലാക്കാണെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം
നിര്‍മാണ നിരോധനം പിന്‍വലിക്കാനുള്ള കാലതാമസം മുഖ്യമന്ത്രിയുടെ ദുഷ്ടലാക്കാണെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുഷ്ടലാക്കാണ് കെട്ടിട നിര്‍മാണ നിരോധനം പിന്‍വലിക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം. സര്‍ക്കാര്‍ തീരുമാനത്തിലൂടെ ചട്ടം ഭേദഗതി ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലളിതമായി പരിഹരിക്കാമായിരുന്ന വിഷയം സങ്കീര്‍ണമായ നിയമഭേദഗതി പ്രക്രിയയിലൂടെ നീട്ടിക്കൊണ്ടുപോയി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. നിര്‍മാണ ക്രമവല്‍ക്കരണത്തിന്റെ പേരില്‍ ജില്ലയിലെ ജനങ്ങളെ ചൂഷണം ചെയ്യാന്‍ തീരുമാനിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. നിര്‍മാണ നിരോധനത്തിനെതിരെ യുഡിഎഫ് നടത്തുന്ന സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ 6 വര്‍ഷമായി കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവരും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കാത്തവരുമായി നിരവധിപ്പേരാണ് ജില്ലയിലുള്ളത്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഭൂവിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ പരിസ്ഥിതിവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വനാതിര്‍ത്തികളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അവരെ വന്യമൃഗങ്ങള്‍ കൊലപ്പെടുത്തുമ്പോഴും കൃഷി നശിപ്പിക്കുമ്പോള്‍ നിസംഗതയോടെ നോക്കി നില്‍ക്കുന്ന സര്‍ക്കാരിനെയാണ് കാണുവാന്‍ കഴിയുന്നത്. മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്നതും കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതുമായ വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള അനുമതി കര്‍ഷകന് നല്‍കണം. സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്കും നിസംഗതയ്ക്കുമെതിരെ ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട രണ്ട് കേന്ദ്രങ്ങളില്‍ വീതം വിചാരണ സദസും പ്രതിഷേധ റാലിയും മാര്‍ച്ച് മാസത്തില്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ നിസംഗത തുടര്‍ന്നാല്‍ സമരം മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുമ്പോട്ട് പോകുന്നതിനും യോഗം തീരുമാനിച്ചു.
What's Your Reaction?






