ഇടുക്കിക്കവലയില്‍ വന്‍മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് പരാതി
ഇടുക്കിക്കവലയില്‍ വന്‍മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് പരാതി

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയില്‍ വന്‍മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് പരാതി. ബാങ്ക് ജപ്തിയെ തുടര്‍ന്ന് അനാഥമായി കിടക്കുന്ന സ്ഥലത്ത് നിലകൊള്ളുന്ന മരങ്ങളും മണ്‍തിട്ടയുമാണ് കാല്‍നടയാത്രകള്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീക്ഷണിയാവുന്നത്. മുന്‍പ് റോഡ് നിരപ്പില്‍ നിന്നും കല്‍ക്കെട്ട് ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അവയെല്ലാം ഇടിഞ്ഞു വീണിരുന്നു. ഇതോടെ ഇവിടം മണ്ണൊലിപ്പ് ഭീഷണി നേരിടുന്നുമുണ്ട് .കൂടാതെ അവശേഷിക്കുന്ന കല്‍ക്കെട്ട് ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണുള്ളതും. ഒപ്പം ഇവിടെ നില്‍ക്കുന്ന വന്മരങ്ങള്‍ കടപുഴകി വീണാല്‍ 11 കെ വി ലൈനുകളില്‍ പതിക്കുകയും വലിയൊരു അപകടത്തിന് കാരണമാവുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഇതുവഴിയാണ് കടന്നു പോകുന്നത്. സമീപത്ത് തന്നെ സ്വകാര്യ പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ആശങ്കയോടെ വേണം ആളുകള്‍ അതുവഴി യാത്ര ചെയ്യാന്‍. അടിയന്തരമായി നഗരസഭയൊ മറ്റ് ബന്ധപ്പെട്ട അധികൃതരോ അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






