വന്യജീവി ആക്രമണം വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവം: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്
വന്യജീവി ആക്രമണം വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവം: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്

ഇടുക്കി: ജില്ലയില്‍ വന്യജീവി ആക്രമണം വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അലംഭാവം പ്രതിഷേധാര്‍ഹമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വര്‍ഗീസ്. വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ സര്‍ക്കാര്‍ വകമാറ്റി ദുര്‍വിനിയോഗം ചെയ്യുന്നു. 14 മാസങ്ങള്‍ക്കിടയില്‍ ഇടുക്കിയില്‍ മാത്രം 9 പേരാണ് മരിച്ചത്. സംസ്ഥാനത്ത് 14 മാസത്തിനിടെ 25ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി. കൃഷിനാശമുണ്ടാക്കുന്ന വന്യജീവികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ കേസെടുക്കുന്നു.ൃ
മയക്കുമരുന്നിന്റെ വ്യാപനവും വിപണനവും ഉപയോഗവും ഇത്രയധികം വര്‍ധിച്ച കാലം കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സ്‌കൂള്‍, കോളേജുകളിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. എക്‌സൈസ്, പൊലീസ് സംവിധാനം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചാല്‍ മാഫിയകളെ തടയാനാകും. എന്നാല്‍, ഇവിടെ വേലി വിളവുതിന്നുന്ന അവസ്ഥയാണ്.
ഭൂവിഷയങ്ങളിലെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജില്ല രൂപീകരിച്ച് 53 വര്‍ഷം പിന്നിടുമ്പോഴും ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത്. 1960ലെ ഭൂപതിവ് നിയമം സംസ്ഥാനത്താകമാനം ഒരുപോലെ ബാധകമാണെന്നിരിക്കെ 64ലെയും 93ലെയും ചട്ടങ്ങളുടെ മറവില്‍ ജില്ലയിലെ ജനങ്ങള്‍ വേട്ടയാടപ്പെടുന്നു. പുതിയ നിയമത്തിലെ ക്രമവല്‍ക്കരണത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇതുവരെയുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും കൂടിയ ഫീസ് അടച്ച് ഇവ ക്രമവല്‍ക്കരിക്കാനുള്ള നയം പണപ്പിരിവും അഴിമതിയും ലക്ഷ്യമിട്ടുള്ളതാണ്.നിര്‍മാണ നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു. കോടതി വ്യവഹാരങ്ങള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. ഇതില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. മാത്യു കുഴല്‍നാടന്‍ മുഖേന മറ്റൊരു കേസിലൂടെ നിരോധനം സംസ്ഥാനത്തുടനീളമായി. കേന്ദ്ര സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ വനസംരക്ഷണ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കിയാല്‍ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഈ നിയമപ്രകാരം 1996 ഡിസംബര്‍ 12ന് മുമ്പ് വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച പ്രദേശങ്ങള്‍ അത് കൃഷിക്കോ കന്നുകാലി വളര്‍ത്തിലിനോ ടൂറിസം സംബന്ധമായ കാര്യങ്ങള്‍ക്കോ ഉപയോഗിച്ചതാണെങ്കില്‍കൂടി വനത്തിന്റെ പരിധിയില്‍നിന്ന് ആ ഭൂമിയെ മാറ്റാമെന്നാണ് നിയമത്തിലുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനോ സുപ്രീംകോടതിക്കോ സമര്‍പ്പിച്ചിട്ടില്ല.എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ജില്ലയോട് കാട്ടുന്ന അവഗണനയും അലംഭാവവും വ്യക്തമാണ്. സംസ്ഥാന സര്‍ക്കാര്‍ തെറ്റായ നിലപാട് തിരുത്തി ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. ഈ ആവശ്യമുന്നയിച്ച് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല എന്നീ നിയോജകമണ്ഡലങ്ങളിലെ 6 സംഘടനാ മണ്ഡലങ്ങളില്‍ ജനസംരക്ഷണ യാത്ര നടത്തുമെന്നും വി സി വര്‍ഗീസ് പറഞ്ഞു. കെ കുമാര്‍, സന്തോഷ് കുമാര്‍, സുജിത്ത് ശശി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






