തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍: ഇടുക്കി ലോകസ്ഭാ മണ്ഡലത്തില്‍ 1315 പോളിങ് സ്റ്റേഷനുകള്‍

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍: ഇടുക്കി ലോകസ്ഭാ മണ്ഡലത്തില്‍ 1315 പോളിങ് സ്റ്റേഷനുകള്‍

Apr 24, 2024 - 17:57
Jul 1, 2024 - 20:16
 0
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍: ഇടുക്കി ലോകസ്ഭാ മണ്ഡലത്തില്‍ 1315 പോളിങ് സ്റ്റേഷനുകള്‍
This is the title of the web page

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ഏഴ് നിയോജക മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടക്കും. ഇവിടങ്ങളില്‍ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവി പാറ്റ് യന്ത്രങ്ങളും സജ്ജമാക്കി. വ്യാഴാഴ്ച രാവിലെ 8മുതല്‍ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ചെയ്യും. ജില്ലയില്‍ ക്രിട്ടിക്കല്‍ ബൂത്തുകളില്ല. 56 പ്രശ്‌നബാധിത (സെന്‍സിറ്റീവ്) പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ വിന്യസിച്ചിട്ടുണ്ട്. 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും ബുധനാഴ്ച വൈകിട്ട് ആറുമുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വെള്ളിയാഴ്ച വൈകീട്ട് ആറുവരെ അടച്ചിടും.
ബുധനാഴ്ച ആറിന് കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിക്കും. പിന്നീടുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചരണമായിരിക്കും. 752 പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ 7 മണ്ഡലങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. മീഡിയ മോണിറ്ററിംഗ് സെല്ല്, പോള്‍ മാനേജര്‍, വിവിധ ഐടി ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂമുകള്‍, വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂമുകള്‍, തുടങ്ങി വിവിധ കണ്‍ട്രോള്‍ റൂമുകള്‍ നിലവില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 7707 ഹോം വോട്ടിങ് നടന്നിട്ടുണ്ട്. വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പോളിങ് നടന്നുകൊണ്ടിരിക്കുന്നു. 418 പേര്‍ വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വോട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow