വെള്ളയാംകുടി ഒറ്റയാള്‍ സമരം: പോസ്റ്റ് വുമണിനെതിരെ നടപടിക്ക് സാധ്യത
വെള്ളയാംകുടി ഒറ്റയാള്‍ സമരം: പോസ്റ്റ് വുമണിനെതിരെ നടപടിക്ക് സാധ്യത

ഇടുക്കി: ഇന്റര്‍വ്യൂ ക്ഷണകത്ത് നല്‍കാതിരുന്ന സംഭവത്തില്‍ പോസ്റ്റ് വുമണിനെതിരെ നടപടിക്ക് സാധ്യത.സംഭവത്തില്‍ കട്ടപ്പന പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ചൊവ്വാഴ്ചയായിരുന്നു ഭിന്നശേഷിക്കാരനായ യുവാവ് പോസ്റ്റ് ഓഫീസ് ജീവനക്കാരി കാരണം ജോലി അവസരം നഷ്ടപ്പെട്ടു എന്നാരോപിച്ചു ഒറ്റയാള്‍ സമരം നടത്തിയത്. വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടില്‍ ലിന്റോ തോമസാണ് ജോലി നഷ്ടമാക്കിയ വെള്ളയാംകുടി പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ മിനിയല്‍ തസ്തികയിലേക്കുള്ള ഇന്റവ്യൂ ക്ഷണകത്ത് കഴിഞ്ഞ മാര്‍ച്ച് 18നാണ് ലിന്റോയുടെ പേരില്‍ വെള്ളയാംകുടി തപാല്‍ ഓഫീസില്‍ എത്തിയത്.എന്നാല്‍ പത്ത് ദിവസങ്ങള്‍ വൈകി മാര്‍ച്ച് 28നാണ് രജിട്രേഡ് കത്ത് ജീവനക്കാരി ലിന്റോയ്ക്ക് കൈമാറിയത്. ഇതിനിടെ അതേ മാസം 23 ന് അഭിമുഖം കഴിയുകയും ചെയ്തു .ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ലിന്റോ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി
ഡിവിഷണല്‍ ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജീവനക്കാരിക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകും.അടുത്തിടെ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരി കത്തിലെ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും ലിന്റോയെ കണ്ടെത്താന്‍ കഴിയാതെ ഇരുന്നതാണ് കത്ത് കൈമാറാന്‍ വൈകിയതിന് കാരണമായി പറയുന്നത്.എന്നാല്‍ വിലാസത്തിലുള്ളയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ കത്ത് മടക്കി അയക്കണമെന്നാണ് നിയമം.ഇത് പാലിക്കപ്പെട്ടിട്ടില്ല എന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്. ഭിന്നശേഷിക്കര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് മിനിയല്‍ ഫുള്‍ ടൈം തസ്തികയിലേക്കുള്ള അഭിമുഖത്തിന് ലിന്റോയ്ക്ക് അവസരം ലഭിച്ചത്.
What's Your Reaction?






