മാലിന്യം നിറഞ്ഞ് കട്ടപ്പനയിലെ കൈത്തോടുകൾ
മാലിന്യം നിറഞ്ഞ് കട്ടപ്പനയിലെ കൈത്തോടുകൾ

ഇടുക്കി : കട്ടപ്പന സബ്ട്രഷറി റോഡിനു സമീപമുള്ള തോട്ടിൽ മാലിന്യം നിറഞ്ഞും മലിനജലം ഒഴുകിയും കടുത്ത ദുർഗന്ധം വമിക്കുന്നത് ഇതുവഴി കടന്നുപോകുന്നവർക്കും സമീപവാസികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കട്ടപ്പന പുതിയ ബസ്റ്റാന്റിനു സമീപത്തുകൂടി കടന്നു പോകുന്ന കൈതോട്ടിലാണ് മാലിന്യങ്ങൾ നിറയുന്നത്. കട്ടപ്പന ടൗണിലെ പല സ്ഥാപനങ്ങളുടെയും മാലിന്യപൈപ്പുകൾ ഈ ജല സ്രോതസിലേക്കാണ് തുറന്നു വച്ചിരിക്കുന്നത്. ഇതൊഴുകി ചേരുന്നത് നിരവധി പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കട്ടപ്പനയാറിലേക്കാണ്. തോട്ടിൽ നിന്നുള്ള ദുർഗന്ധം അസഹനീയമാണെന്ന് സമീപവാസികളും പറയുന്നു. വേനൽ കടുത്തതോടെ പകർച്ചവ്യാധി ഭീഷണി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയും ആരോഗ്യ വിഭാഗവും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കഴിഞ്ഞ വർഷം തോട്ടിലെ മാലിന്യങ്ങൾ നഗരസഭ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തു വൃത്തിയാക്കിയിരുന്നു. തോടിൻ്റെ പല ഭാഗങ്ങളും കാടുമൂടി കിടക്കുന്നതിൻ്റെ മറവിലാണ് വീണ്ടും ഇവിടെ മാലിന്യം തള്ളുന്നത് . കടുത്ത വേനലിൽ നീരൊഴുക്ക് കുറവായതിനാൽ തോട്ടിൽ മാലിന്യങ്ങൾ കെട്ടി കിടക്കുന്നത് കൊതുകു പെരുകാനും പല സാക്രമിക രോഗങ്ങൾക്കും കാരണമാകും.
What's Your Reaction?






