പെരിയകുളത്ത് രാസലഹരി പിടികൂടിയ സംഭവം: തമിഴ്‌നാട്ടുകാരായ 5 പേര്‍ കൂടി അറസ്റ്റില്‍
പെരിയകുളത്ത് രാസലഹരി പിടികൂടിയ സംഭവം: തമിഴ്‌നാട്ടുകാരായ 5 പേര്‍ കൂടി അറസ്റ്റില്‍

ഇടുക്കി: തമിഴ്‌നാട് പെരിയകുളത്ത് കേരളാ രജിസ്‌ട്രേഷന്‍ കാറില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ 5 യുവാക്കളെക്കൂടി തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള രണ്ട് പ്രധാന പ്രതികള്‍ക്കായി അന്വേഷണം വിപുലീകരിച്ചു. രാജ്യാന്തര ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ടവരാണ് ഇരുവരുമെന്നും വിവരമുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. പിടിയിലായവരില്‍ നിന്ന് 80 ഗ്രാം മെത്താംഫെറ്റാമൈന്‍, 10 ഗ്രാം കൊക്കെയ്ന്‍, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഇത് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പെരിയകുളം നോര്‍ത്ത് ഷോര്‍ ഇന്‍സ്പെക്ടര്‍ പാസ്റ്റിന്‍ ദിനകരന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പെരിയകുളം ബുധുപ്പട്ടി ബൈപാസ് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാര്‍ പിടികൂടിയത്. രണ്ടുകിലോ കഞ്ചാവാണ് വാഹനത്തില്‍ നിന്ന് ആദ്യം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴാണ് രാസലഹരി കൂടി ഉള്ളതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈന്റെ 30 പായ്ക്കറ്റും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കണ്ടെത്തി. തുടരന്വേഷണത്തില്‍ കൊടെയ്ക്കനാല്‍ സ്വദേശി ആരിഫിനെ പിടികൂടുകയും ഇയാളുമായി ബന്ധമുള്ള ഏഴുപേരുടെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ശിവപ്രസാദിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ മൂന്നുപേര്‍ തേനി, ഈറോഡ്, കമ്പം സ്വദേശികളാണ്. കമ്പം സ്വദേശി രാംകുമാര്‍ കൊടെയ്ക്കനാലില്‍ കോട്ടേജ് നടത്തിവരികയാണ്. ഇതര സംസ്ഥാന- വിദേശ വിനോദസഞ്ചാരികള്‍ക്ക് ലഹരി വില്‍ക്കുന്നത് ഇയാളാണെന്നും വിവരമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ വികാശ് ശ്യാം, ആരിഫ്, ആനന്ദ്, യാസര്‍ മുഖ്താര്‍, അന്‍പ് സാഗര്‍ എന്നിവര്‍ ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി രാംകുമാറിന് വിറ്റിരുന്നതായും പൊലീസ് പറഞ്ഞു.
What's Your Reaction?






