കുടിവെള്ളമില്ലാതായിട്ട് 4 വര്‍ഷം: കല്യാണത്തണ്ടിലെ 25 കുടുംബങ്ങള്‍ ദുരിതക്കയത്തില്‍: 25 ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ നിരാഹാര സമരം
കുടിവെള്ളമില്ലാതായിട്ട് 4 വര്‍ഷം: കല്യാണത്തണ്ടിലെ 25 കുടുംബങ്ങള്‍ ദുരിതക്കയത്തില്‍: 25 ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ നിരാഹാര സമരം

ഇടുക്കി: കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന 32,33 വാര്‍ഡുകളിലെ താമസക്കാര്‍ നഗരസഭക്കെതിരെ സമരത്തിലേക്ക്. 25ന് രാവിലെ 10.30 മുതല്‍ 25ലേറെ കുടുംബങ്ങള്‍ നഗരസഭ ഓഫീസ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രണ്ടുവാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ കല്യാണത്തണ്ടിലെ താമസക്കാരാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും നിര്‍ധനരുമാണ്. ഇരുവാര്‍ഡുകളിലെയും കൗണ്‍സിലര്‍മാര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും ഫലമില്ല. വേനല്‍ക്കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും ലഭിക്കുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിക്കുകയും ഗുണഭോക്താക്കള്‍ ഒപ്പിട്ട് നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കുകയും ചെയ്തിട്ടും തുടര്‍നടപടി ഉണ്ടായില്ല. കുഴല്‍ക്കിണര്‍ കുത്തിയാലും വെള്ളം കിട്ടാത്ത സ്ഥിതിയുള്ളതിനാല്‍ കിണര്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ പണം മുടക്കി സ്ഥലം വാങ്ങി നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രണ്ട് കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് ആലോചന യോഗം വിളിച്ചപ്പോള്‍ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കുടിവെള്ള പദ്ധതിക്കായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കോട്ടിരിക്കുന്ന് ഭാഗത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുളത്തില്‍നിന്ന് വെള്ളം ലഭ്യമാക്കാമെന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍ എസ്റ്റിമേറ്റ് തയാറാക്കി പ്രശ്‌നം പരിഹരിക്കാമെന്നും ഇരുവരും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടാകാത്തതിനാല്‍ നഗരസഭ ഓഫീസിലെത്തി വിവരം തിരക്കിയപ്പോള്‍ 5 ലക്ഷം രൂപ മറ്റൊരു പദ്ധതിക്കായി മാറ്റിയതായി അറിഞ്ഞു. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്നുള്ള ഉറപ്പും പാഴായി. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചുനല്‍കാനാണ് തീരുമാനമെടുത്തത്. നാലും അഞ്ചും അംഗങ്ങളുള്ള ഒരുകുടുംബത്തിന് നാലുദിവസത്തിലൊരിക്കല്‍ 200 ലിറ്റര്‍ വെള്ളം മാത്രമാണ് ലഭിക്കുന്നത്. മേഖലയിലെ താമസക്കാരില്‍ കിടപ്പുരോഗികളും വയോജനങ്ങളുമുണ്ട്. പലരും വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ്. നിര്‍ധന കുടുംബങ്ങള്‍ തലച്ചുമടായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് കുടിവെള്ളം ശേഖരിച്ച് കൊണ്ടുവരുന്നു. ശുദ്ധജല ക്ഷാമത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്ന് സമിതി അംഗങ്ങളായ അരുണ്‍കുമാര്‍ കെ ടി, ഷൈജു രാജു, സാബു വാസുദേവന്‍, സന്തോഷ് ശക്തീശ്വരത്ത്, സെല്‍വി കുമരേശന്‍, വല്‍സമ്മ സഹദേവന്‍, സിനിമോള്‍ കെ ടി, സന്തോഷ് രാജന്‍, പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






