അടിമാലി ടൗണില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ഇരുമ്പ് ഡിവൈഡറുകള്‍ മാറ്റി
അടിമാലി ടൗണില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ഇരുമ്പ് ഡിവൈഡറുകള്‍ മാറ്റി

ഇടുക്കി: അടിമാലി ടൗണില്‍ ദേശീയപാതകള്‍ക്ക് നടുവില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. തുരുമ്പെടുത്ത് ദ്രവിച്ച ഇരുമ്പ് ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെ നാളുകളായി നിലനിന്നിരുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന സെന്റര്‍ ജങ്ഷന്‍ ഭാഗത്തും അടിമാലി-കുമളി ദേശീയപാത കടന്നുപോകുന്ന കല്ലാര്‍കുട്ടി ഭാഗത്തുമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. സെന്റര്‍ ജങ്ഷന്‍ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതിനും വാഹനങ്ങള്‍ നിരതെറ്റിച്ച് പോകാതിരിക്കുന്നതിനുമായിട്ടാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നത്. തിരക്കുള്ള ഭാഗമായതിനാല്‍ കാല്‍നടയാത്രികര്‍ ഇഷ്ടാനുസരണം റോഡ് മുറിച്ച് കടക്കുന്നത് തടയാനും ഇവ സഹായിച്ചിരുന്നു. കല്ലാര്‍കുട്ടി റോഡില്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ നിര്‍മിച്ച് അതിന് മുകളിലായിരുന്നു ഇരുമ്പ് ഡിവൈഡറുകള്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ വര്‍ഷമേറെ പിന്നിട്ടതോടെ ഈ ഡിവൈഡറുകള്‍ തുരുമ്പെടുത്തും ദ്രവിച്ചും നശിച്ചു. ചിലത് കാലപ്പഴക്കത്താല്‍ നിലംപതിച്ചു. മറ്റ് ചിലത് റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന നിലയിലുമാണ്. ഇതോടെയാണ് അപകടാവസ്ഥ ഉയര്‍ത്തുന്ന ഈ ഡിവൈഡറുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യമുയര്‍ന്നത്. നടപടി ഉണ്ടാകാതെ വന്നതോടെ പ്രതിഷേധവും ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ അപകടാവസ്ഥ ഉയര്‍ത്തിയിരുന്ന പഴയ ഡിവൈഡറുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. പഴയവ നീക്കുന്നതിനൊപ്പം പുതിയ ഡിവൈഡറുകള്‍ സ്ഥാപിക്കും. ഇതോടെ കാലപ്പഴക്കം ചെന്ന ഇരുമ്പ് ഡിവൈഡറുകള്‍ ഉയര്‍ത്തിയിരുന്ന അപകടാവസ്ഥ ടൗണില്‍ നിന്ന് പൂര്‍ണമായി ഒഴിവാകും.
What's Your Reaction?






