പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണത്തിലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്
പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണത്തിലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി സ്ത്രീ സീത കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. ജൂണ്‍ 13നാണ് മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത(42) കൊലപ്പെട്ടത്. സീതയും ഭര്‍ത്താവ് ബിനുവും ഇവരുടെ രണ്ടുമക്കളും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയിരുന്നു. വൈകിട്ട് തിരികെയെത്തിയത് സീതയുടെ മൃതദേഹവുമായാണ്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ബിനു പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്റെ മൊഴിയാണ് പിന്നീട് വിവാദമുണ്ടാക്കിയത്. സീതയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും ക്ഷതങ്ങളും കാട്ടാനയുടെ ആക്രമണത്തില്‍ ഉണ്ടായതല്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. എന്നാല്‍ രേഖകളില്‍ ഇത് പറഞ്ഞിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പലതവണ ബിനുവിനെയും രണ്ട് മക്കളെയും ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ മൊഴിയില്‍ ഉറച്ചുനിന്നു. ഇതോടെ പൊലീസിനും വനംവകുപ്പിനും ഡോക്ടര്‍ക്കും കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു. ഇവരുടെ അന്വേഷണത്തിലും സീതയുടെ മരണം കാട്ടാന ആക്രമണത്തിലാണെന്നാണ് കണ്ടെത്തല്‍. ശരീരത്തിലുണ്ടായ പരിക്കുകള്‍ കാട്ടാന ഏല്‍പ്പിച്ചതുതന്നെയാണ്. ആക്രമണമുണ്ടായ തോട്ടാപുര വനത്തില്‍നിന്ന് സീതയെ ചുമന്നുകൊണ്ട് വരുന്നതിനിടെ കഴുത്തിന് പരിക്കേറ്റിരിക്കാം. വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചത് കാട്ടാനയുടെ ആക്രമണത്തിലാകാം. ഇതോടെയാണ് മരണം കാട്ടാന ആക്രമണത്തിലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണസംഘം ജില്ലാ പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറും.
What's Your Reaction?






