പൗരോഹിത്യത്തില്‍ 5 പതിറ്റാണ്ട് പിന്നിട്ട് ഫാ. ജോസ് പ്ലാച്ചിക്കല്‍: ജൂബിലി ആഘോഷം 18ന് തങ്കമണിയില്‍
പൗരോഹിത്യത്തില്‍ 5 പതിറ്റാണ്ട് പിന്നിട്ട് ഫാ. ജോസ് പ്ലാച്ചിക്കല്‍: ജൂബിലി ആഘോഷം 18ന് തങ്കമണിയില്‍

ഇടുക്കി: പൗരോഹിത്യജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പിന്നിട്ട് ഫാ. ജോസ് പ്ലാച്ചിക്കല്‍. ഇടുക്കിയിലെ സാമൂഹിക വിഷയങ്ങളിലും കര്‍ഷകര്‍ക്കുവേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഫാ. ജോസ് പ്ലാച്ചിക്കലിന്റെ വൈദികജീവിതം അനുകരണീയമാണ്. 1948ല്‍ ജനിച്ച അദ്ദേഹം 1965ല്‍ വൈദിക പഠനം ആരംഭിച്ച് പൂനെ പേപ്പല്‍ സെമിനാരിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. 1975ല്‍ പുരോഹിതനായി അഭിഷിക്തനായി. ഇംഗ്ലണ്ടിലെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്ന് കമ്യൂണിക്കേഷനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളില്‍ സഹവികാരിയായി ശുശ്രൂഷ ആരംഭിച്ചു. കോതമംഗലം രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. അവിഭക്ത കോതമംഗലം രൂപതയിലെ പള്ളികളില്‍ പ്രവര്‍ത്തിച്ച് യുവജനങ്ങളുടെയും കുട്ടികളുടെയും പ്രിയങ്കരനായി മാറി. പാലാരിവട്ടം പിഒസിയില്‍ നിയമതനായിരിക്കെ 'താലന്ത് 'മാസികയുടെ എഡിറ്ററായും കെസിബിസി മാധ്യമ കമ്മിഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിഒസിയില്‍ അഖിലകേരള നാടക മത്സരത്തിനും തുടക്കംകുറിച്ചു. ഡല്‍ഹിയില്‍ സിബിസിഐ മാധ്യമ കമ്മിഷന്‍ അംഗമായിരിക്കെ 'നിസ്‌കോര്‍ട്ട്' എന്ന മാധ്യമ പരിശീലന കേന്ദ്രവും ആരംഭിച്ചു. പിന്നീട് നാട്ടിലെത്തിയ ജോസ് അച്ഛന്‍ ചെമ്മണ്ണാര്‍, വെള്ളയാംകുടി പള്ളികളുടെ വികാരിയായി. 2017ല്‍ ഇടുക്കി രൂപതയുടെ വികാരി ജനറലുമായി. ഇടുക്കി രൂപതയുടെ രണ്ട് ബിഷപ്പുമാര്‍ക്കൊപ്പം എട്ടുവര്‍ഷം പ്രവര്‍ത്തിച്ചു. പ്രവര്‍ത്തന ശൈലിയുടെ ശാന്തതയുമാണ് ഫാ. ജോസ് പ്ലാച്ചിക്കലിനെ വ്യത്യസ്തനാക്കുന്നത്. നിലവില്‍ പഴയരികണ്ടം പള്ളിയുടെ വികാരിയാണ്.
18ന് ഉച്ചകഴിഞ്ഞ് 2ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ഫാ. ജോസ് പ്ലാച്ചിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞത ബലി അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനാകും. കോതമംഗലം രൂപത മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ സന്ദേശം നല്‍കും. മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്, മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്, സി വി വര്‍ഗീസ്, സിസ്റ്റര്‍ പ്രദീപ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






