ക്രിസ്മസ് ദിനത്തില്‍ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍ക്കല്ലിലും വന്‍ തീപിടിത്തം
ക്രിസ്മസ് ദിനത്തില്‍ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍ക്കല്ലിലും വന്‍ തീപിടിത്തം
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍ക്കല്ലിലും ക്രിസ്മസ് ദിനത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ നൂറുകണക്കിന് ഹെക്ടര്‍ പുല്‍മേട് കത്തിനശിച്ചു. ഉച്ചയോടെ ഇല്ലിക്കല്‍ക്കല്ലിലും മണിക്കൂറുകള്‍ക്കുശേഷം ഇലവീഴാപ്പൂഞ്ചിറയിലും തീപിടിത്തമുണ്ടായത്. ഈസമയം നൂറുകണക്കിന് വിനോദസഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. ശക്തമായ കാറ്റ് വീശുന്നതിനാല്‍ തീ നിയന്ത്രണാതീതമായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ഈരാറ്റുപേട്ട അഗ്‌നിരക്ഷാസേന മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രാത്രി 10ഓടെ തീ കെടുത്തിയത്.
ഇലവീഴാപ്പൂഞ്ചിറയുടെ പടിഞ്ഞാറന്‍ മലനിരകളിലെ ഹെക്ടര്‍ കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു. മലമുകളില്‍ സ്ഥിതി ചെയ്യുന്ന പൊലീസ് വയര്‍ലെസ് സ്റ്റേഷനുസമീപം വരെ തീപടര്‍ന്നു. ടൂറിസം കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇടിമിന്നല്‍ രക്ഷാകവചത്തിന്റെ കേബിളുകളും നശിച്ചു. സാധാരണയായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ തീപിടിത്തം ഉണ്ടാകാറുണ്ട്. വേനല്‍ക്കാലത്തിന് മുന്നോടിയായി സ്വകാര്യഭൂമികളിലും റോഡരികിലും ഫയര്‍ലൈന്‍ തെളിക്കാറുള്ളതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ കഴിഞ്ഞദിവസം തീപിടിത്തമുണ്ടായപ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതിരുന്നത് കൂടുതല്‍ സ്ഥലങ്ങളില്‍ അഗ്നിബാധയുണ്ടാകാന്‍ കാരണം.
ഫയര്‍ എന്‍ജിന്‍ എത്തിയ സ്ഥലങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് തീയണച്ചു. മറ്റ് സ്ഥലങ്ങളില്‍ മരക്കമ്പുകളും മറ്റും ഉപയോഗിച്ച് ഏറെ ബുദ്ധിമുട്ടിയാണ് തീകെടുത്തിയതെന്ന് സേനാംഗങ്ങള്‍ പറഞ്ഞു. വഴിയോരത്തെ പെട്ടിക്കടകള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും സമീപംവരെ തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. രാത്രി വൈകിയും പ്രദേശത്ത് കനത്തപുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സമാനമായ സാഹചര്യമുണ്ടായാല്‍ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാസേന നിര്‍ദേശം നല്‍കി.
ഈരാറ്റുപേട്ട സ്റ്റേഷന്‍ ഓഫീസര്‍ കലേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ സതീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ഷിബു എസ്, ജിജോ ആര്‍, മിഥിലേഷ് എം കുമാര്‍, ആനന്ദ് വിജയ്, സുര്‍ജിത് വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
What's Your Reaction?