മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് അലംഭാവം: പ്രതിഷേധാര്‍ഹമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് അലംഭാവം: പ്രതിഷേധാര്‍ഹമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി

Feb 12, 2026 - 16:20
 0
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് അലംഭാവം: പ്രതിഷേധാര്‍ഹമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. സ്വകാര്യ അന്യായത്തിലൂടെ സുപ്രീംകോടതിയില്‍നിന്ന് കേരളത്തിനനുകൂലമായി ചില നിര്‍ദേശങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സൂപ്പര്‍വൈസറി കമ്മിറ്റിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിലും കാലതാമസമില്ലാതെ കേരളത്തിന്റെ പരാതികള്‍ ബോധിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. 
ഡോ. ജോ ജോസഫ് ഫയല്‍ചെയ്ത സ്വകാര്യ അന്യായത്തിലൂടെ 2022ലെ സുപ്രീംകോടതി വിധിയില്‍ അന്തര്‍ദേശീയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സംയുക്ത ഡാം സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലെ പുരോഗതി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പില്‍ വ്യക്തമാക്കണം.
കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ് കെ വി തോമസിനെ അംഗീകരിക്കുകയും അനുകൂലവിധി നേടിത്തന്നവരെ തളളിക്കളയുകയും ചെയുന്നത് ഖേദകരമാണ്. മരംമുറിക്കാനും ബേബി ഡാം ബലപ്പെടുത്താനുമുള്ള വിധികള്‍ തമിഴ്നാട് നേടിക്കഴിഞ്ഞു. കേരളം അലംഭാവം കാട്ടുമ്പോള്‍ 152 അടി ജലനിരപ്പ് എന്ന പ്രഖ്യാപിത നിലപാടിലേക്ക് തമിഴ്‌നാട് കടന്നുകയറും.
2025 ഡിസംബറില്‍ നടത്തിയ റിമോട്ടിങ് സെന്‍സറിങ് വെഹിക്കിള്‍ പരിശോധനാ റിപ്പോര്‍ട്ട് ജനങ്ങളെ ബോധ്യപെടുത്തണം. ജാഥകള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെ തുടര്‍നിലപാട് വ്യക്തമാക്കണം. പൊതുതിരഞ്ഞെടുപ്പില്‍ മുന്നണികളുടെ പ്രകടന പത്രികയിലും ഇക്കാര്യം വ്യക്തമാക്കണം. സംസ്ഥാന ബജറ്റില്‍ മുല്ലപ്പെരിയാര്‍ പരാമര്‍ശം ഇല്ലാത്തതിലും മറുപടി നല്‍കണം. പെരിയാറില്‍ അടിഞ്ഞുകൂടിയ മാലിന്യം മഴക്കാലത്തിന് മുമ്പ് നീക്കി നീരൊഴുക്ക് സുഗമമാക്കണം. ഈ ആവശ്യകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനും കേന്ദ്ര ജല മന്ത്രാലയത്തിനും പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ചെയര്‍മാന്‍ ഷാജി ജോസഫ്, സുപ്രീം കോടതി പെറ്റിഷണര്‍ ഡോ. ജോ ജോസഫ്, ജനറല്‍ കണ്‍വീനര്‍ സിബി ജോസഫ്, റോജി സലിം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow