ഒരുതലമുറയുടെ ഇടം: പാറക്കടവിന്റെ നൊമ്പരമായി സന്തോഷ് പബ്ലിക് ലൈബ്രറി

ഒരുതലമുറയുടെ ഇടം: പാറക്കടവിന്റെ നൊമ്പരമായി സന്തോഷ് പബ്ലിക് ലൈബ്രറി

Jun 19, 2025 - 17:44
Jun 20, 2025 - 12:54
 0
ഒരുതലമുറയുടെ ഇടം: പാറക്കടവിന്റെ നൊമ്പരമായി സന്തോഷ് പബ്ലിക് ലൈബ്രറി
This is the title of the web page

കട്ടപ്പന പാറക്കടവിന്റെ അക്ഷരത്തുടിപ്പായിരുന്ന സന്തോഷ് പബ്ലിക് ലൈബ്രറി ഓര്‍മയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അഞ്ച് പതിറ്റാണ്ടോളം മേഖലയിലെ നൂറുകണക്കിനാളുകളുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ഈ വായനശാലയുമായി ബന്ധപ്പെട്ടതാണ്. ജീര്‍ണാവസ്ഥയിലുള്ള, ഏതുനിമിഷവും നിലംപൊത്താറായ കെട്ടിടം കാണുന്ന പാറക്കടവിലെ ഒട്ടേറെപേര്‍ക്ക് ഉള്ളിലൊരു നൊമ്പരമാണിപ്പോള്‍.
1970ലാണ് സന്തോഷ് പബ്ലിക് ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചത്. ഹൈറേഞ്ചിന്റെ തലസ്ഥാനമായ കട്ടപ്പനയില്‍ കുടിയേറ്റവും വ്യാപാരവും വളരുന്ന കാലത്ത് പാറക്കടവിലെ യുവജനങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം ഈ വായനശാല തുറന്നുകൊടുത്തു. പുസ്തകങ്ങളുടെ വലിയ ശേഖരവും അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളും യുവാക്കളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. ഇവരുടെ അറിവും സര്‍ഗാത്മക ശേഷിയും ഈ വായനശാല വളര്‍ത്തി. പിന്നീട് പാറക്കടവ് എന്ന ഗ്രാമത്തിന്റെ മുഖമുദ്രയായി മാറി.
പതിറ്റാണ്ടുകള്‍ പിന്നിട്ടതോടെ കെട്ടിടം ജീര്‍ണാവസ്ഥയിലായി. ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കപ്പെടാനില്ലാതെ ചിതലുകള്‍ക്ക് ആഹാരമായി. കെട്ടിടവും വായനശാലയും ഉപേക്ഷിക്കപ്പെട്ടതോടെ ഇവിടം ഇഴജന്തുക്കളുടെ താവളമാണിപ്പോള്‍. പുസ്തകങ്ങള്‍ നല്‍കുന്ന അറിവ് മാത്രമല്ല, ഒരു യുവജനതയെ ഒന്നിച്ചുനിര്‍ത്തുന്നതിലും കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും നാടിന്റെ വികസനത്തിനും വായനശാല വലിയ പങ്ക് വഹിച്ചിരുന്നു. കാലഘട്ടവും ശീലങ്ങളും മാറിയതോടെ സന്തോഷ് പബ്ലിക് ലൈബ്രറി അനാഥമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow