രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പരിഷ്‌കരണം: നടപടി തുടങ്ങി
രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പരിഷ്‌കരണം: നടപടി തുടങ്ങി
ഇടുക്കി: രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി അധികൃതര്‍ രംഗത്ത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ടൗണില്‍ ബസുകള്‍ നിര്‍ത്തേണ്ട കൃത്യമായ സ്ഥലങ്ങള്‍ (ബസ് സ്റ്റോപ്പുകള്‍) അടയാളപ്പെടുത്തുന്ന നടപടികള്‍ക്ക് തുടക്കമായി. പഞ്ചായത്ത് അധികൃതരും മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. എവിടെയൊക്കെ ബസുകള്‍ നിര്‍ത്തണം എവിടെയൊക്കെ പാര്‍ക്കിങ് അനുവദിക്കാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ പ്ലാന്‍ തയാറാക്കിയാണ് അധികൃതരുടെ നീക്കം. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ ജോഷി കന്യാക്കുഴിയില്‍ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ടൗണില്‍ അടയാളപ്പെടുത്തല്‍ നടപടികള്‍ പുരോഗമിക്കുന്നത്. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് പുതിയ ക്രമീകരണങ്ങള്‍. പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളോടൊപ്പം സജീവമായി രംഗത്തുണ്ട്. എസ്‌ഐ അഭിജിത്ത് എംഎസ്, എഎസ്‌ഐ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രാഫിക് ക്രമീകരണങ്ങള്‍ വിലയിരുത്തി. കൂടാതെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രീതു പുഷ്പന്‍, പഞ്ചായത്ത് ക്ലര്‍ക്ക് ബിജുമോന്‍ എന്നിവരും സ്ഥലത്തെത്തി സാങ്കേതികമായ നിര്‍ദേശങ്ങള്‍ നല്‍കി. വരും ദിവസങ്ങളില്‍ ടൗണില്‍ കൂടുതല്‍ കര്‍ശനമായ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും പുതിയ പരിഷ്‌കാരങ്ങളോട് പൊതുജനങ്ങളും വ്യാപാരികളും ബസ് ജീവനക്കാരും പൂര്‍ണമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
What's Your Reaction?
