അടിമാലി മണ്ണിടിച്ചില്‍: സമരം നടത്തുന്ന കുടുംബങ്ങളെ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശിച്ചു
അടിമാലി മണ്ണിടിച്ചില്‍: സമരം നടത്തുന്ന കുടുംബങ്ങളെ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശിച്ചു
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിലില്‍ പുനരധിവാസം ആവശ്യപ്പെട്ട് അടിമാലി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം നടത്തിവരുന്ന കുടുംബങ്ങളെ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശിച്ചു. വീടുകള്‍ ഭാഗികമായി നഷ്ടപ്പെട്ട 17 കുടുംബങ്ങളാണ് പുനരധിവാസം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 25 മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. തങ്ങളുടെ പുനരധിവാസം ഉറപ്പാക്കി രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരത്തില്‍നിന്ന് പിന്മാറുകയുള്ളുവെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ വീതമുള്ള ധനസഹായം 17 കുടുംബങ്ങള്‍ക്കുകൂടി നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പുനരധിവാസ പാക്കേജ് ഉടന്‍ ഉണ്ടാകുമെന്നും എം പി അറിയിച്ചു. മുന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ദുരിത ബാധിതര്‍ക്കുള്ള ധനസഹായ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പണം നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ഒരാഴ്ച മുമ്പാണ് സഹായം നല്‍കി തുടങ്ങിയത്. അന്നത്തെ ദുരിതാശ്വാസ പാക്കേജില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്കു കൂടി 10 ലക്ഷം വീതമുള്ള ധനസ ഹായം ഉള്‍പ്പെടുത്താന്‍ കൂട്ടാക്കാതെ വന്നതാണ് ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ മാക്കിയതെന്നും എംപി പറഞ്ഞു. 17 കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള ദുരിതാശ്വാസ പാക്കേജ് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാന്‍ ദുരിത ബാധിതര്‍ തയാറാകണമെന്ന് എംപി ആവശ്യപ്പെട്ടു. എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് ദുരിതബാധിതര്‍.
What's Your Reaction?