ഇടുക്കി: പുളിയന്മലയില്‍ നിര്‍മാണം തടസ്സപ്പെട്ടു കിടക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ടോയ്ലറ്റ് കോംപ്ലക്‌സിന് മുന്‍പിലൂടെ നേരം വൈകി നടന്നു പോകുവാന്‍ ഭയമാണെന്നും,കട്ടപ്പന നഗരസഭ പ്രശ്‌നത്തില്‍ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്താണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കമ്പംമെട്ട് വഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമെന്ന നിലയില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിക്കുവാന്‍ കട്ടപ്പന നഗരസഭ തീരുമാനിച്ചത്.
ശുചിത്വമിഷന്റെ സഹകരണത്തോടെ ആരംഭിച്ച നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. സ്ഥലം കൈയ്യേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതാണ് നിര്‍മാണം തടസ്സപ്പെടുവാന്‍ കാരണം. പിന്നീട് പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ കെട്ടിടം നഗരസഭ ഉപേക്ഷിച്ച നിലയിലേക്ക് എത്തി. ഉടനെ പുനര്‍നിര്‍മാണം ഇല്ലന്ന് മനസിലാക്കിയ ലഹരി- മദ്യപസംഘങ്ങള്‍ ഇതോടെ കെട്ടിടം കയ്യടക്കുകയായിരുന്നു. ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന താഴത്തെ നിലയുടെ നിര്‍മാണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. വിശ്രമ ഹാള്‍ അടക്കമാണ് ഇനി പണി പൂര്‍ത്തിയാക്കാനുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം കോംപ്ലക്‌സ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.