വണ്ടിപ്പെരിയാര്‍ ഇടത്താവളത്ത് അയ്യപ്പസേവാ സംഘം സൗകര്യമൊരുക്കും
വണ്ടിപ്പെരിയാര്‍ ഇടത്താവളത്ത് അയ്യപ്പസേവാ സംഘം സൗകര്യമൊരുക്കും

വണ്ടിപ്പെരിയാര്‍ : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അഖില ഭാരതീയ അയ്യപ്പസേവാസംഘം യോഗം ചേര്‍ന്നു. വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തി ജയശങ്കര്‍ പി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വണ്ടിപ്പെരിയാറില്‍ അയ്യപ്പന്‍മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ പ്രതിദിനം വണ്ടിപ്പെരിയാറിലെത്തും. സത്രം വഴിയുള്ള കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ ഉള്‍പ്പെടെ വണ്ടിപ്പെരിയാര്‍ ഇടത്താവളത്താണ് വിശ്രമിക്കുന്നത്. എല്ലാ മണ്ഡലകാലത്തും ഇവര്‍ക്കാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നത് അയ്യപ്പസേവാ സംഘമാണ്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ തീര്‍ഥാടന കാലത്തും അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ ഒരുക്കാന്‍ യോഗം തീരുമാനിച്ചു. അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും വണ്ടിപ്പെരിയാര്‍ സത്രത്തും കക്കിക്കവലയിലും ചുക്ക് കാപ്പി വിതരണം, അന്നദാനം എന്നിവയും ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് ഹാളില്‍ നടന്ന യോഗത്തില്‍ അയ്യപ്പസേവാ സംഘം വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് ടി സി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഭാരവാഹികളായ സി രഘുനാഥ്, ശിവാനന്ദന്‍, ചന്ദ്രന്‍പിള്ള, എം ഉദയസൂര്യന്‍, കെ എ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






