മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

ഇടുക്കി: കോണ്‍ഗ്രസ് പ്രതിനിധിയായ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാറിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി. 10 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസത്തിന് ദേവികുളം ബിഡിഒക്ക് കത്ത് നല്‍കിയത്. ദീപ രാജ്കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാറ്റി മറ്റൊരാളെ പ്രസിഡന്റാക്കുന്നതിന് ഒരുമാസം മുമ്പ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയ ശേഷം വ്യാജമായി തന്റെ ഒപ്പിട്ട് രാജിക്കത്ത് നല്‍കിയതാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് ദീപ കത്തുനല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ പഞ്ചായത്ത് രാജ് നിയമപ്രകാരം സെക്രട്ടറിയുടെ മുമ്പില്‍ വച്ച് രാജിക്കത്തില്‍ ഒപ്പിടണമെന്ന നിബന്ധന പാലിച്ചില്ലെന്നും ദീപയുടെ പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിഡന്റായി തുടരാന്‍ ദീപയ്ക്ക് അനുവാദം കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പാര്‍ട്ടിയുടെ പ്രതിഛായ വീണ്ടെടുക്കാന്‍ ദീപയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 21 അംഗ പഞ്ചായത്തില്‍ കൂറുമാറിയ 2 അംഗങ്ങളെ അയോഗ്യരാക്കിയതോടെ നിലവില്‍ പഞ്ചായത്തില്‍ 19 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 11, എല്‍ഡിഎഫിന് 8 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?






