കായിക ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: കായിക മന്ത്രി വി അബ്ദുറഹിമാന്‍

കായിക ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: കായിക മന്ത്രി വി അബ്ദുറഹിമാന്‍

Mar 3, 2026 - 17:46
 0
കായിക ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: കായിക മന്ത്രി വി അബ്ദുറഹിമാന്‍
This is the title of the web page

ഇടുക്കി: കായിക ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. നെടുങ്കണ്ടം പച്ചടി കെ പി തോമസ് മാഷ് ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇന്ത്യയില്‍ ആദ്യമായി കായികനയം  അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. കായിക മേഖലക്കുള്ള അടിസ്ഥാന വികസന ഫണ്ട് വര്‍ധിപ്പിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 5000 കോടി രൂപയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കായിക വികസനത്തിന് വകയിരുത്തിയത്. സംസ്ഥാനത്ത് 10 ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളാണ്  ഒരുക്കുന്നത്. 14 ജില്ലകളിലും സിന്തറ്റിക് സ്റ്റേഡിയം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2 സിന്തറ്റിക് ട്രാക്ക് എന്നത് നിലവില്‍  26 സിന്തറ്റിക് ട്രാക്ക് എന്ന നിലയിലേക്ക് എത്തിച്ചു. എല്ലാ പഞ്ചായത്തിലും കളിക്കളം എന്നത് രാജ്യത്താദ്യമായി നടപ്പാക്കുന്നത് കേരളമാണ്. തിരുവനന്തപുരത്ത് കായിക വകുപ്പിന് ആസ്ഥാന മന്ദിരം നിര്‍മിക്കും. കായിക ഭവന്റെ കീഴില്‍ സംസ്ഥാനത്തെ കായിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്ററിനെ മികച്ച സ്റ്റേഡിയമാക്കിമാറ്റുന്നതനുള്ള നടപടി പുരോഗമിക്കുകയാണ്. കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ട്, സ്പോര്‍ട്സ് ഹോസ്റ്റല്‍, ഫുട്ബോള്‍ ഫീല്‍ഡ്, ഹോഴ്സ് റൈഡിംഗ് സൗകര്യം എന്നിവ ഒരുക്കും. കായിക മേഖലയില്‍ പ്രവര്‍ത്തിച്ച അഭിമാനതാരങ്ങളുടെ പേരാണ് ജില്ലാ സ്റ്റേഡിയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് സമൂഹത്തിന് പ്രോത്സാഹനമാകുമെന്നും അതിന്റെ ഭാഗമായി ജില്ലയിലെ കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കെ.പി തോമസ് മാഷിന്റെ പേര് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി മുഖേന 40 കോടി രൂപ ചെലവില്‍ നെടുങ്കണ്ടം പച്ചടിയില്‍ 5.5 ഏക്കര്‍ സ്ഥലത്താണ് കെ.പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. 9000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള വിശാലമായ ഇന്‍ഡോര്‍ അരീനയാണ് പ്രധാന ആകര്‍ഷണം. നാല് ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, 12 ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, നാല് വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍ കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ വിഐപി പവലിയന്‍, 12 ഓഫീസ് മുറികള്‍, വാം അപ് ചേംബര്‍ സൗകര്യങ്ങള്‍, സ്ത്രീ - പുരുഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശുചിമുറികള്‍, രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍, സെല്ലാര്‍ പാര്‍ക്കിങ് സൗകര്യം, സംബ് ടാങ്ക് ഓവര്‍ഹെഡ് ടാങ്ക് തുടങ്ങിയ ജലസൗകര്യങ്ങളും സ്റ്റേഡിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേപ്പിള്‍വുഡ് ഫ്ളോറിങ് കൂടി ചെയ്യുന്നതോടെ സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ദ്രോണാചാര്യ കെ.പി തോമസ് മാഷിനെ മന്ത്രി ആദരിച്ചു.  എം എം  മണി എംഎല്‍എ അധ്യക്ഷനായി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു, ഉടുമ്പന്‍ചോല  പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, പഞ്ചായത്തംഗങ്ങളായ  മനു ജോസഫ്, അജീഷ് മുതുകുന്നേല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍ പി സുനില്‍ കുമാര്‍, എം എന്‍ ഗോപി, പി എന്‍ വിജയന്‍,  സുരേഷ് പള്ളിയാടി, ധനേഷ് കുമാര്‍, കിറ്റ്കോ ചീഫ് എന്‍ജിനീയര്‍ യൂസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി എ ഷാജിമോന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി എം ജോണ്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow