അടിമാലി മേഖലയില്‍ മഴയ്ക്ക് നേരിയ ശമനം
അടിമാലി മേഖലയില്‍ മഴയ്ക്ക് നേരിയ ശമനം
ഇടുക്കി: അടിമാലി മേഖലയില്‍ തിങ്കളാഴ്ച രാവിലെ കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും തുടര്‍ന്ന് മഴയ്ക്ക് നേരിയ ശമനം. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം ദേശീയപാതയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അടിമാലി മേഖലയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ഇവിടെ താമസിച്ചിരുന്നവര്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ ക്രമീകരിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലാണ്. കൂടാതെ ചാറ്റുപാറ, കൊരങ്ങാട്ടി എന്നിവിടങ്ങളില്‍നിന്ന് ആകെ 17 പേരാണ് ക്യാമ്പിലുള്ളത്. മഴയ്ക്ക് ശമനം വന്നതോടെ ഇവര്‍ വീടുകളിലേക്ക് തിരിച്ചുപോയി . വീടിന് നാശനഷ്ടം സംഭവിച്ച കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കുടുംബങ്ങളോട് തിരികെ ദുരിതാശ്വാസ ക്യാമ്പില്‍ എത്താനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചാറ്റുപാറ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയ കുടുംബങ്ങളും തിരികെ വീട്ടിലേക്ക് പോയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും വരും മണിക്കൂറുകളില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായി തന്നെ തുടരുകയാണ്. ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിരോധനം ഇപ്പോഴും തുടരുന്നു.
What's Your Reaction?