ശാന്തന്‍പാറ കൂന്തപ്പനത്തേരിയിലെ റോഡ് നിര്‍മാണം നിലച്ചിട്ട് 8 മാസം: 50ലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
ശാന്തന്‍പാറ കൂന്തപ്പനത്തേരിയിലെ റോഡ് നിര്‍മാണം നിലച്ചിട്ട് 8 മാസം: 50ലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ കൂന്തപ്പനത്തേരി റോഡ് നിര്‍മാണം നിലച്ചതോടെ 50ലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പുനര്‍നിര്‍മാണത്തിനായി റോഡ് കുത്തിപ്പൊളിച്ചിട്ട് എട്ടുമാസം പിന്നിടുന്നു. കാല്‍നടയാത്ര പോലും ദുഷ്‌കരമായതോടെ നാട്ടുകാര്‍ യാത്രാക്ലേശത്തിലാണ്. അവശേഷിക്കുന്ന ഭാഗം നിര്‍മിക്കാന്‍ ഫണ്ടില്ലെന്നാണ് ശാന്തന്‍പാറ പഞ്ചായത്ത് ഭരണസമിതിയുടെ വാദം.
റോഡ് തകര്‍ന്ന നിലയിലായിരുന്നെങ്കിലും എട്ടുമാസം മുമ്പ് വരെ ചെറുവാഹനങ്ങള്‍ ഇതുവഴി കടന്നുപോയിരുന്നു. പിന്നീട് ഫണ്ട് അനുവദിച്ച് കോണ്‍ക്രീറ്റിങ് ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. മുമ്പ് വീതി കുറവായിരുന്നെങ്കിലും പ്രദേശവാസികളുടെ ആശ്രയമായിരുന്ന റോഡില്‍ ഇപ്പോള്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വിദ്യാര്‍ഥികളും ദുരിതപ്പാത താണ്ടിവേണം പ്രധാന റോഡിലെത്താന്‍.
പുനര്‍നിര്‍മാണത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീതി കൂട്ടിയതോടെ പല വീടുകളുടെയും സംരക്ഷണഭിത്തികളും നിലംപൊത്തി. നിരവധി വീടുകളുടെ സെപ്റ്റിക് ടാങ്കുകളും തകര്‍ന്ന് മാലിന്യം പുറത്തേയ്ക്ക് ഒഴുകുന്ന നിലയിലാണ്. മഴക്കാലം ആരംഭിക്കാനിരിക്കെ പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്.
ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലെ ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
ആദ്യഘട്ടത്തില്‍ അനുവദിച്ച ഫണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും പുതുതായി ഫണ്ട് അനുവദിച്ചാല്‍ മാത്രമേ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയൂവെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം. അടിയന്തര പരിഹാരമില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
What's Your Reaction?
