ഹൈറേഞ്ച് പാതകള്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് അപകടക്കെണി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

ഹൈറേഞ്ച് പാതകള്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് അപകടക്കെണി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

May 18, 2026 - 15:18
 0
ഹൈറേഞ്ച് പാതകള്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് അപകടക്കെണി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം
This is the title of the web page

ഇടുക്കി: ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങള്‍ക്ക് ഹൈറേഞ്ചിലെ പാതകള്‍ അപകടക്കെണിയാകുന്നു. രൂപമാറ്റം വരുത്തിയും കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിച്ചും എത്തുന്ന സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. ഇത്തരം വാഹനങ്ങള്‍ ഹൈറേഞ്ചിലെ പാതകളില്‍ വിലക്കണമെന്ന് ആവശ്യമുയര്‍ന്നു.
അവധിക്കാലത്ത് ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ വര്‍ധിക്കുന്നതോടെ അപകടങ്ങളും തുടര്‍ക്കഥയാണ്. അപകടങ്ങളുണ്ടാക്കുന്നതില്‍ ഏറെയും തമിഴ്‌നാട്ടില്‍നിന്നുള്ള മിനി ബസുകളും മറ്റ് ഇതര സംസ്ഥാന വാഹനങ്ങളുമാണ്.
കഴിഞ്ഞദിവസം കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയകനാലിനുസമീപം മിനി ബസ് മറിഞ്ഞ് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചിരുന്നു. ഇടുക്കിയിലെ കുത്തിറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡുകള്‍ ഇതര സംസ്ഥാനക്കാര്‍ക്ക് അപകടക്കെണിയാണ്.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയും കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിച്ച് സഞ്ചാരികളെ കുത്തിനിറച്ചുമാണ് വാഹനങ്ങള്‍ ഓടുന്നത്. ഹൈറേഞ്ചിലെ റോഡുകള്‍ പരിചിതമല്ലാത്തതും അമിതവേഗവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
ഏപ്രില്‍ 14ന് കുത്തുങ്കലിനുസമീപം തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. 2025 ഓഗസ്റ്റിലും ഇതേ റോഡില്‍ മിനി ബസ് മറിഞ്ഞ് അപകടമുണ്ടായി. ഈസാഹചര്യത്തിലാണ് ഇടുക്കിയിലെ റോഡുകളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. പാതകളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാത്തതില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.
അപകടസാധ്യത മേഖലകളിലും വളവുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ദൂരെനിന്ന് കാണാവുന്ന തരത്തില്‍ വലിയ സൂചന ബോര്‍ഡുകളും മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ രാത്രിയിലും പകലും ഒരുപോലെ തെളിയുന്ന ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow