അഡ്ഹോക് കമ്മിറ്റിയുടെ ആരോപണം വസ്തുതാവിരുദ്ധം; അധികാരം ഉപയോഗിച്ച് ഭരണസമിതി പിടിച്ചെടുക്കാനുള്ള ജി സുകുമാരന്‍ നായരുടെ നീക്കം ചെറുക്കും: ഹൈറേഞ്ച് യൂണിയന്‍
അഡ്ഹോക് കമ്മിറ്റിയുടെ ആരോപണം വസ്തുതാവിരുദ്ധം; അധികാരം ഉപയോഗിച്ച് ഭരണസമിതി പിടിച്ചെടുക്കാനുള്ള ജി സുകുമാരന്‍ നായരുടെ നീക്കം ചെറുക്കും: ഹൈറേഞ്ച് യൂണിയന്‍
ഇടുക്കി: എന്‍എസ്എസ് നേതൃത്വം നിയോഗിച്ച അഡ്ഹോക് കമ്മിറ്റി ഭാരവാഹികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഹൈറേഞ്ച് യൂണിയന്‍ ഭരണസമിതി. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിക്കുമ്പോള്‍ വ്യക്തിപരമായ തേജോവധമായി ചിത്രീകരിക്കുന്നത് ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ്. നിലവിലുള്ള വിഷയങ്ങളില്‍ അഡ്ഹോക് കമ്മറ്റിയുമായി സംവാദത്തിന് തയാറാണെന്നും പ്രസിഡന്റ് ആര്‍ മണിക്കുട്ടനും ഭാരവാഹികളും പറഞ്ഞു. 2022ല്‍ യൂണിയന്‍ ഭരണസമിതിയെ രജിസ്ട്രാര്‍ പിരിച്ചുവിടുകയും അഡ്ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്ത വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയിലുള്ള കേസിന്റെ വിധി വരുന്നതുവരെ രണ്ടു കമ്മിറ്റികളും അവരവരുടെ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടുപോകാന്‍ ധാരണയുണ്ട്. യൂണിയന്‍ ഭരണസമിതിയുടെ കാലാവധി മൂന്നുവര്‍ഷമാണെങ്കിലും തെരഞ്ഞെടുപ്പ് നടക്കാതെ വന്നാല്‍ അടുത്ത ഭരണസമിതിയെ തെരഞ്ഞെടുത്ത് അവര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ നിലവിലുള്ള ഭരണസമിതി തുടരേണ്ടതാണ്. തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി വരുന്നതുവരെ നിലവിലുള്ള പ്രസിഡന്റായ ആര്‍ മണിക്കുട്ടനും ഭാരവാഹികളും തുടരും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വ്യക്തിപരമായി തേജോവധം ചെയ്തുവെന്ന ആരോപണവും തെറ്റാണ്. നിലപാടുകളോടും പ്രവര്‍ത്തന ശൈലിയോടുമുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിപരമായ തേജോവധമായി വിലയിരുത്തുന്നു. കരയോഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താതെ അവര്‍ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കാനായി നേതൃത്വം കരയോഗ തെരഞ്ഞെടുപ്പുകള്‍ തടഞ്ഞു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ നേതൃത്വം ഭയപ്പെടുന്നു. യൂണിയനില്‍ അഴിമതിയുണ്ടെങ്കില്‍ മറുപടി നല്‍കേണ്ട മുന്‍ സെക്രട്ടറിമാരാണ് ആരോപണം ഉന്നയിക്കുന്നത്.
അധികാരത്തിന്റെയും സമ്പത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും മറപിടിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റി ഭരണസമിതി പിടിച്ചെടുക്കാനുള്ള ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നടപടിക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണിതെന്നും ഭാരവാഹികള്‍ പറഞ്ഞു. എ കെ സുനില്‍കുമാര്‍, എ ജെ രവീന്ദ്രന്‍, വിവിധ കരയോഗം ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?
