തേക്കടി ആനവച്ചാലിലെ പാര്‍ക്കിങ് ഗ്രൗണ്ട് സര്‍വേ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം
തേക്കടി ആനവച്ചാലിലെ പാര്‍ക്കിങ് ഗ്രൗണ്ട് സര്‍വേ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം

കട്ടപ്പന : തേക്കടി ആനവച്ചാലിലെ വനം വകുപ്പിന്റെ പാര്‍ക്കിങ് മൈതാനം സര്‍വേ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം. ഈഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തമിഴ്‌നാട് വാദമുന്നയിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശമുണ്ടായത്. അതേസമയം സര്‍വേ പ്രതികൂലമായി ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ്. 2014ലാണ് തേക്കടിയില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്ന് വനമേഖലയുടെ പുറത്തേയ്ക്ക് പാര്‍ക്കിങ് ഗ്രൗണ്ട് മാറ്റണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന്, വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനവച്ചാലില്‍ പാര്‍ക്കിങ് മൈതാനമൊരുക്കി. ഇതിനെതിരെ രണ്ടുപേര്‍ ട്രൈബ്യൂണലിനെ സമീപിച്ചു. കേസില്‍ കക്ഷിചേര്‍ന്ന തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടി എത്തുമ്പോള്‍ ഇവിടെ വെള്ളം കയറുമെന്ന് വാദിച്ചു. തമിഴ്‌നാടിന്റെ വാദം തെറ്റാണെന്ന് ട്രൈബ്യൂണല്‍ നിയോഗിച്ച സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തി. ജലനിരപ്പ് 152 അടിയിലെത്തിയാലും പാര്‍ക്കിങ് മൈതാനത്തിന്റെ 500 മീറ്റര്‍ അകലെ വരെയേ വെള്ളം കയറൂവെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് 2017ല്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാന്‍ ട്രൈബ്യൂണല്‍ അനുമതി നല്‍കി. എന്നാല്‍ 2014 തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കിയ മറ്റൊരു കേസില്‍ സര്‍വേ ആവശ്യം കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൂന്നുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഉത്തരവ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






