കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 45 ലക്ഷം: ചികിത്സാസഹായം തേടി യുവാവ്
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 45 ലക്ഷം: ചികിത്സാസഹായം തേടി യുവാവ്
ഇടുക്കി: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സിവിൽ പൊലീസ് ഓഫീസർ കാഞ്ചിയാർ കോഴിമല ചോറ്റുകുന്നേൽ സി സി അഭിലാഷ്(43) ചികിത്സാ സഹായം തേടുന്നു. കരൾ നൽകാൻ ഭാര്യ നിഷ തയാറാണെങ്കിലും ഇതിനായി 45 ലക്ഷത്തോളം രൂപ ആവശ്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഭാര്യയും മൂന്നു കുട്ടികളും ഉൾപെടുന്ന കുടുംബം ഏറെ ദുരിതത്തിലാണ്.
അഞ്ചുമാസം മുൻപാണ് ഇദ്ദേഹത്തിന് ലിവർ സിറോസിസ് സ്ഥിരീകരിക്കുകയും തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് നാലുമാസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ആരോഗ്യനില മോശമായതിനാൽ അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനോടകം 18 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചിലവായി. ചികിത്സയ്ക്കും മറ്റുമായി സമ്പാദ്യമെല്ലാം ഇതിനോടകം ചിലവഴിച്ചു. സർക്കാരിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുമെല്ലാം ലഭിച്ച തുകയെല്ലാം ചിലവാക്കിക്കഴിഞ്ഞു.
കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിക്കൊണ്ട് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ നിധി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കൺവീനറും പഞ്ചായത്തംഗവുമായ മത്തായിയുടെയും(ജയ്‌മോൻ അഴകൻപറമ്പിൽ) അഭിലാഷിന്റെ ഭാര്യ നിഷയുടെയും പേരിൽ ഫെഡറൽ ബാങ്ക് കാഞ്ചിയാർ ശാഖയിൽ 1309 0100 1634 64 എന്ന നമ്പരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി: എഫ്ഡിആർഎൽ0001309. വാർത്താസമ്മേളനത്തിൽ ജയ്‌മോൻ അഴകൻപറമ്പിൽ, നിഷ അഭിലാഷ്, ജലജ വിനോദ്, ഷീന ജേക്കബ്, ബിജുമോൻ ചാക്കോ, അനീഷ് കൊച്ചുതറയിൽ എന്നിവർ പങ്കെടുത്തു.
What's Your Reaction?