രാജകുമാരി പ്ലാക്കൂട്ടം-മില്ലുംപടി റോഡ് തകര്‍ന്നിട്ട് 4 വര്‍ഷം: റോഡിലെ കുഴിയില്‍ വാഴനട്ട് നാട്ടുകാര്‍
രാജകുമാരി പ്ലാക്കൂട്ടം-മില്ലുംപടി റോഡ് തകര്‍ന്നിട്ട് 4 വര്‍ഷം: റോഡിലെ കുഴിയില്‍ വാഴനട്ട് നാട്ടുകാര്‍
ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ പ്ലാക്കൂട്ടം-മില്ലുംപടി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് നാല് വര്‍ഷം. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സ് തുടങ്ങി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് റോഡിലെ കുഴികളില്‍ വാഴയും ചേനയും നട്ട് നാട്ടുകാര്‍. റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോറിക്ഷകളും ടാക്‌സികളും എത്താന്‍ മടിക്കുന്നു. വരാന്‍ തയാറാകുന്നവര്‍ക്ക് ഇരട്ടി ചാര്‍ജും നല്‍കണം. 150-ലേറെ കുടുംബങ്ങളാണ് ഈ പാതയെ ആശ്രയിച്ച് കഴിയുന്നത്. കാല്‍നടയാത്രക്കാര്‍ മുതല്‍ വാഹനയാത്രക്കാര്‍ വരെ ഒരുപോലെ ദുരിതത്തിലാണ്.
ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ പ്ലാക്കൂട്ടം മുതല്‍ മില്ലുംപടി വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്. ദിവസേന ഏഴോളം സ്‌കൂള്‍ ബസുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയാണ്. സ്വന്തം ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യം. റോഡ് നന്നാക്കണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. രാജകുമാരി പഞ്ചായത്തിലെ മുള്ളംതണ്ട് ടൂറിസം മേഖലയിലേക്കുള്ള യാത്രയ്ക്കും ഈ റോഡ് നിര്‍ണായകമാണ്. റോഡിന്റെ ശോച്യാവസ്ഥ ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് നവീകരണത്തിനായി 12 ലക്ഷം രൂപ അനുവദിച്ചിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും മുമ്പോട്ടുപോയില്ലെന്നാണ് ആക്ഷേപം. ഫണ്ട് അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായിട്ടും റോഡിന്റെ ദുരിതത്തിന് പരിഹാരമുണ്ടാകാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. റോഡ് പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.
അതേസമയം, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതാണ് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ വൈകാന്‍ കാരണമെന്നാണ് പഞ്ചായത്തംഗത്തിന്റെ പ്രതികരണം. റോഡിന്റെ ഏറ്റവും മോശമായ ഭാഗം ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
What's Your Reaction?