അനധികൃത വഴിയോരക്കച്ചവടം: കെവിവിഇഎസ് കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ച് 3ന്
അനധികൃത വഴിയോരക്കച്ചവടം: കെവിവിഇഎസ് കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ച് 3ന്
ഇടുക്കി: അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെവിവിഇഎസ് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 3ന് രാവിലെ 11 ന് നടക്കുന്ന പരിപാടി കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ വഴിയോരക്കച്ചവടം നടക്കുന്ന കാഴ്ചയാണ് എല്ലാ ടൗണുകളിലും കാണുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വിവിധങ്ങളായ ലൈസന്‍സുകള്‍ എടുത്ത് വലിയ അഡ്വാന്‍സും വാടകയും നല്‍കി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുമ്പോഴാണ് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വഴിയോരങ്ങളിലും വാഹനങ്ങളിലും ചിലര്‍ വഴിയോരക്കച്ചവടം നടക്കുന്നത്. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ അമിതമായ വിലയീടാക്കികൊണ്ടാണ് പലയിടങ്ങളിലും വില്‍പ്പന. പരിശോധിച്ച മുദ്രവച്ച അളവ് തൂക്ക ഉപകരണങ്ങള്‍ വ്യാപാരികള്‍ക്ക് നിര്‍ബന്ധമാണെങ്കിലും ഇവയൊന്നും വഴിയോരക്കച്ചവടക്കാര്‍ക്ക് ബാധകമല്ല. പാക്കേജ് കമ്മോഡിറ്റീസ് ആക്ട്, മായം ചേര്‍ക്കല്‍ നിയമം തുടങ്ങിയവ സംബന്ധിച്ച് അവര്‍ കേട്ടിട്ടേയില്ല. തുറസായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നത്. ഇതിനെല്ലാമുപരി കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരം താറുമാറാക്കിക്കൊണ്ടാണ് വാഹനങ്ങളിലും മറ്റുമായി കച്ചവടം നടക്കുന്നത്. പിഴയിടാക്കുന്ന ഉദ്യോഗസ്ഥര്‍ പോലും വഴിയോരക്കച്ചവടക്കാരുടെ നേരെ കണ്ണടയ്ക്കുകയാണ്. എന്തിനും ഏതിനും സംഘടനകള്‍ ഉണ്ടാക്കുന്നവര്‍ ഇങ്ങനെയുളളവരുടെ യൂണിയന്‍ ഉണ്ടാക്കി പ്രസ്ഥാനങ്ങളെങ്കിലും നിയമത്തെയും പൗരാവകാശങ്ങളെയും വെല്ലുവിളിക്കുകയാണ്. ചെറുകിട വ്യാപാര മേഖലയിലെ സംരംഭകരെയും ആ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതും ഗുണമേന്മ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ അമിതവിലയ്ക്ക് നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതുമായ വഴിയോരക്കച്ചവടങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, സാജന്‍ ജോര്‍ജ്, ബൈജു എബ്രഹാം, സിജോമോന്‍ ജോസ്, ജോഷി കുട്ടട എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?