ക്രാന്തി അയര്‍ലണ്ട് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ
ക്രാന്തി അയര്‍ലണ്ട് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ

ഇടുക്കി: അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി, ഇരട്ടയാര്‍ നാലുമുക്ക് സ്വദേശികള്‍ക്കായി നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ബുധന്‍ രാവിലെ 10.30ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബി കൈമാറും. എം എം മണി എംഎല്‍എ അധ്യക്ഷനാകും. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം പി അഡ്വ. ജോയ്‌സ് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം വി എന്‍ മോഹനന്‍, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, ക്രാന്തി അയര്‍ലണ്ട് സെക്രട്ടറി എ കെ ഷിനിത്ത്, സെന്‍ട്രല്‍ കമ്മിറ്റിയംഗം രതീഷ് സുരേഷ്, ലോക കേരളസഭ അയര്‍ലണ്ട് പ്രതിനിധി ഷാജു ജോസ് എന്നിവര്‍ സംസാരിക്കും.
ക്രാന്തി കേരളത്തില്‍ നടപ്പാക്കുന്ന കരുതലിന്‍ കൂട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടാണ് കണ്ണമംഗലത്ത് ടോമി- വത്സമ്മ ദമ്പതികള്‍ക്ക് കൈമാറുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് ജനുവരി ആറിന് എം എം മണി എംഎല്‍എ തറക്കല്ലിട്ടു. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ശുചിമുറി, സിറ്റൗട്ട് ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടെ 12 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട്, മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്രാന്തി നടത്തിവരുന്നു. അയര്‍ലണ്ടില്‍ ബിരിയാണി ചലഞ്ച് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് വീട് നിര്‍മാണത്തിനായി പണം സമാഹരിച്ചത്.
What's Your Reaction?






