തുടര്‍ച്ചയായ വൈദ്യുതിമുടക്കം: മാങ്കുളത്ത് ഇരുട്ടില്‍ത്തപ്പി ജനം
തുടര്‍ച്ചയായ വൈദ്യുതിമുടക്കം: മാങ്കുളത്ത് ഇരുട്ടില്‍ത്തപ്പി ജനം

ഇടുക്കി: കാലവര്‍ഷത്തില്‍ മാങ്കുളത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ജനജീവിതം ദുസഹമാക്കുന്നു. തിങ്കളാഴ്ച മുടങ്ങിയ വൈദ്യുതി ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. ഇതോടെ ഗ്രാമീണ മേഖലകള്‍ ഉള്‍പ്പെടെ ഇരുട്ടിലാണ്. എല്ലാ മഴക്കാലത്തും സമാനമായ സ്ഥിതിയാണ്. കല്ലാര്‍- മാങ്കുളം പാതയോരത്ത് വൈദ്യുതി കമ്പിയിലേക്ക് മരങ്ങള്‍ കടപുഴകിവീണാണ് വൈദ്യുതി മുടങ്ങിയത്. വനമേഖലകളിലൂടെ ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ഇതേ പ്രതിസന്ധി നിലനില്‍ക്കുന്നു. കെഎസ്ഇബി ജീവനക്കാര്‍ മണിക്കൂറുകള്‍ പരിശ്രമിച്ച് വൈദ്യുതി പുനസ്ഥാപിക്കുമെങ്കിലും വൈകാതെ പഴയപടിയാകും. തുടര്‍ച്ചയായ വൈദ്യുതി മുടക്കം വ്യാപാരികളെയും വെട്ടിലാക്കി. കോള്‍ഡ് സ്റ്റോറേജുകള്‍, ബേക്കറികള്‍, ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയായി. ഫ്രീസറില്‍ സൂക്ഷിക്കേണ്ട ഭക്ഷണസാധനങ്ങള്‍ നശിക്കുന്നു. കൂടാതെ, ശീതീകരിച്ചുസൂക്ഷിക്കേണ്ട മരുന്നുകള്‍ ഉപയോഗരഹിതമാകുന്നത് രോഗികളെയും ബുദ്ധിമുട്ടിക്കുന്നു. വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങുന്നു. പലസ്ഥലങ്ങളിലും ആളുകളുടെ മൊബൈല്‍ ഫോണുകള്‍ പോലും ചാര്‍ജ് ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന വിവരം പോലും വൈകിയാണ് അറിയുന്നത്. വൈദ്യുതി മുടക്കം വിനോദ സഞ്ചാരമേഖലയ്ക്കും തിരിച്ചടിയായി. ഓരോ മഴക്കാലത്തും മാങ്കുളം മേഖലയില്‍ നിന്നുമാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാകുന്നത്. പ്രതിദിനം ഒന്നിലേറെ വൈദ്യുതി പോസ്റ്റുകള്‍ മരംവീണ് ഒടിയുന്നു. ഭൂഗര്‍ഗ കേബിളുകള്‍ വഴി മേഖലയില്‍ വൈദ്യുതി എത്തിക്കണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ചില പ്രഖ്യാപനങ്ങള്‍ മുമ്പ് ഉണ്ടായെങ്കിലും തുടര്‍നടപടി നിലച്ചു. കല്ലാര്‍- മാങ്കുളം റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനും നടപടിയില്ല.
What's Your Reaction?






