വണ്ടിപ്പെരിയാറില്‍ കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ തോട്ടം മാനേജ്‌മെന്റിന്റെ നീക്കം
വണ്ടിപ്പെരിയാറില്‍ കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ തോട്ടം മാനേജ്‌മെന്റിന്റെ നീക്കം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ തോട്ടം മാനേജ്‌മെന്റ്് തൊഴിലാളികളെ ഉപയോഗിച്ച് കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി. വണ്ടിപ്പെരിയാര്‍ മൗണ്ട് ബഥേല്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് താമസിക്കുന്ന കെ വി മണിക്കുനേരെയാണ് അതിക്രമം. അതേസമയം തോട്ടം അധികൃതര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയാണ് കുടിയൊഴിപ്പിക്കലിന് എത്തിച്ചതെന്ന് തൊഴിലാളികളും ആരോപിച്ചു. 20വര്‍ഷമായി ഇവിടെ താമസിക്കുന്ന മണിയോടും കുടുംബത്തോടും വീടും സ്ഥലവും ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നിരന്തരം ഭീഷണി മുഴക്കുന്നതായി ആക്ഷേപമുണ്ട്. 6 മാസം മുമ്പ് എസ്റ്റേറ്റ് മാനേജര്‍ ഉള്‍പ്പെടുന്ന സംഘം മണിയെ വീട്ടില്‍കയറി ആക്രമിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ബഥേല്‍ എസ്റ്റേറ്റിന്റെ മുന്‍ ഉടമ ആര്‍ബിടി കമ്പനിയില്‍ നിന്ന് 20 വര്‍ഷം മുമ്പാണ് മണി സ്ഥലം വാങ്ങിയത്. എന്നാല്‍ എസ്റ്റേറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. മുമ്പ് കോടതിയെ സമീപിച്ച മണി അനുകൂല വിധിയും സമ്പാദിച്ചിരുന്നു. എസ്റ്റേറ്റ് അധികൃതര്‍ സ്ഥലത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് മറികടന്നാണ് ഇപ്പോഴത്തെ അതിക്രമം. ഇതിനായി വിവിധ ഡിവിഷനുകളിലെ തൊഴിലാളികളെ സ്ഥലത്ത് എത്തിച്ചു. എന്നാല്‍ വീട് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടാണ് തങ്ങളെ കൊണ്ടുവന്നതെന്നും അല്ലാത്തപക്ഷം തോട്ടത്തിലെ ജോലികള്‍ നിര്‍ത്തിവച്ച് പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ പറയുന്നു. തോട്ടം മാനേജ്‌മെന്റിനെതിരെ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇക്കാര്യത്തില്‍ പഞ്ചായത്ത് ഇടപെടണമെന്നും മണിയും കുടുംബവും ആവശ്യപ്പെട്ടു.
What's Your Reaction?






