സിഎച്ച്ആര്‍ മേഖലയിലെ കര്‍ഷകര്‍ താല്‍പര്യം സംരക്ഷിച്ച് സത്യവാങ്മൂലം നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍
സിഎച്ച്ആര്‍ മേഖലയിലെ കര്‍ഷകര്‍ താല്‍പര്യം സംരക്ഷിച്ച് സത്യവാങ്മൂലം നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: സിഎച്ച്ആര്‍ മേഖലയിലെ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ആശങ്കകള്‍ പരിഹരിച്ചുമുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതുസംബന്ധിച്ച് അനാവശ്യമായ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. സിഎച്ച്ആര്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി നെടുങ്കണ്ടത്ത് നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായ നിലപാടുകളാണ് വേണ്ടത്. വനം റവന്യു വകുപ്പുകളുടെ തര്‍ക്കം സര്‍ക്കാരിനെ ബാധിക്കില്ല. വകുപ്പിനല്ല ജനങ്ങള്‍ക്ക് ആണ് പ്രാധാന്യം. ജനങ്ങളുടെ താല്‍പര്യത്തെ ഹനിക്കുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയാണ്. വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ ഇടുക്കിയില്‍ ഒരിഞ്ചു പോലും സ്ഥലം ഇനി വിട്ടു കൊടുക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.
സിഎച്ച്ആര്‍ ഭൂമി വനമല്ല, റവന്യൂ ഭൂമിയാണ് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സുപ്രീം കോടതിയില്‍ മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2023ല്‍ കേസ് വീണ്ടും സജീവമായ ഘട്ടത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജഗദീപ് ഗുപ്തയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സിഎച്ച്ആര്‍ വനമല്ല, റവന്യൂ ഭൂമി തന്നെയെന്ന നിലപാട് കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
2023 ലെ വന സംരക്ഷണ ഭേദഗതി നിയമത്തില്‍ 1996 നു മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോട് കൂടി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്ന ഭൂമി വന നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇത് വനഭൂമി ആയി കണക്കാക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സിഎച്ച്ആര്‍ വന ഭൂമിയല്ല എന്ന വാദത്തിന് കൂടുതല്‍ പരിരക്ഷ നല്‍കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിഎച്ച്ആര്‍ മേഖല പൂര്‍ണമായും മുന്‍പ് ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരമോ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരമോ കുടിയിരുത്തിയിട്ടുള്ളതാണ്. ഏലപ്പട്ടയമോ,ഏലം കുത്തകപ്പാട്ടമോ,1964 റൂള്‍ പട്ടയമോ,1993 പ്രത്യേക റൂള്‍ പട്ടയമോ പ്രകാരം സര്‍ക്കാര്‍ നിയമാനുസൃതം പതിച്ചു നല്‍കിയിട്ടുള്ള ഭൂമിയാണ്. ഈ പട്ടയ നടപടികള്‍ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ 2023ലെ വനനിയമ ഭേദഗതിയുടെ പരിരക്ഷയും ഇഒഞ മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതെല്ലാം മറച്ചു വച്ച് സിഎച്ച്ആര് വിഷയത്തില്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ വസ്തുതാവിരുദ്ധമായ പ്രചരണങ്ങളാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
1897 ലെ തിരുവിതാംകൂര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം 215720 ഏക്കര്‍ സ്ഥലം സിഎച്ച് ആര്‍ മേഖലയില്‍ വനഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന വ്യാജ രേഖയാണ് ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇത് 15720 ഏക്കര്‍ മാത്രമാണെന്ന് കോടതിയെ സര്‍ക്കാര്‍ ധരിപ്പിച്ചിട്ടുണ്ട്.
സിഎച്ച്ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ആണുള്ളത്. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ വസ്തുതാ വിരുദ്ധമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാന ത്തില്‍ 2002 ലാണ് ഇത് സംബന്ധിച്ച് ആദ്യമായി സുപ്രിം കോടതിയില്‍ കേസ് ഉണ്ടാകുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലീംകുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്, വിവിധ കര്‍ഷക - സംഘടനകളെ പ്രതിനിധീകരിച്ച് ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, സ്റ്റെനി പോത്തന്‍, അഡ്വ. ഷൈന്‍ വര്‍ഗീസ്, മാത്യു വര്‍ഗീസ്, പി എം ബേബി, സാജന്‍ കുന്നേല്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ സദസ്സില്‍ പങ്കെടുത്തു സംസാരിച്ചു.
What's Your Reaction?






