ഇടുക്കി: ഉപ്പുതറയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാട്ടുത്താവളം മുരിങ്ങാട്ട് ജിനീഷ് ജോസഫ് ആണ് മരിച്ചത്. മാട്ടുത്താവളം പൂക്കൊമ്പില്‍ എല്‍സമ്മയും മകന്‍ ബിബിനും ചേര്‍ന്നാണ് ജിനീഷിനെ മര്‍ദിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ബിബിന്റെ വീട്ടിലെത്തിയ ജിനീഷ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ജിനീഷിന്റെ വീട്ടിലെത്തിയ എല്‍സമ്മയും ബിബിനും ജിനീഷ്‌നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കലോത്സവത്തിന്റെ പിരിവിന് എത്തിയ അഡ്വ. അരുണ്‍ പൊടിപാറയും സംഘവും ജിനീഷ് ബോധരഹിതനായി കിടക്കുന്നത് കണ്ട് ഉപ്പുതറ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ജിനീഷിനെ ഉപ്പുതറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് രാത്രി 11 ഓടെ ജിനേഷ് മരിച്ചു. ബിബിനും എല്‍സമ്മയും ഒളിവിലാണ്. ഇവര്‍ക്കായി ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു.