മരം വെട്ടിമാറ്റാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടും തടസവാദവുമായി വനം വകുപ്പ്
മരം വെട്ടിമാറ്റാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടും തടസവാദവുമായി വനം വകുപ്പ്

ഇടുക്കി: നാട്ടുകാരുടെ ജീവന് ഭീഷണിയായ മരം വെട്ടിമാറ്റാന്‍ കലക്ടര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും വനം വകുപ്പ് തടസം നില്‍ക്കുന്നതായി പരാതി. കൊന്നത്തടി പഞ്ചായത്തിലെ കരിമല കുറ്റിക്കാട്ടുതാഴെ മനുവിന്റെ പുരയിടത്തിലാണ് വലിയ താന്നി മരം നില്‍ക്കുന്നത്. തനിയെ പുരയിടത്തില്‍ മുളച്ചുവന്ന മരം വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വളര്‍ന്ന് പന്തലിച്ചു. 11 കെവി വൈദ്യുതി ലൈനിന് മുകളില്‍ നില്‍ക്കുന്ന മരം ബലക്ഷയം ഉള്ളതിനാല്‍ ഏതുനിമിഷവും നിലംപൊത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് മരം വെട്ടി മാറ്റുന്നതിന് അനുമതി തേടിക്കൊണ്ട് സ്ഥല ഉടമ പഞ്ചായത്തിലും വില്ലേജിലും അപേക്ഷ നല്‍കിയത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ അനുകൂല നിലപാടുകള്‍ സ്വീകരിച്ചെങ്കിലും ഉടുമ്പന്‍ചോല ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ മരം വെട്ടി മാറ്റാന്‍ പാടില്ലെന്ന് കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചു. സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരുകിലാണ് മരം നില്‍ക്കുന്നത്. കൂടാതെ വിദ്യാര്‍ഥികളും നാട്ടുകാരും ബസ് കാത്തു നില്‍ക്കുന്നതും ഈ മരത്തിന് സമീപത്താണ്. ഹരിത കര്‍മ്മ സേനയുടെയും, കുടുംബശ്രീയുടെയും പ്രവര്‍ത്തകരുടെയും വര്‍ക്ക്‌ഷെഡും സമീപത്തുണ്ട്. അതിനാല്‍ എത്രയും വേഗം മരം മുറിച്ചുമാറ്റാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






