ഇടുക്കി: തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി അങ്കണത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ അഡ്വ. എ. രാജ, എം എം മണി, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, കലക്ടര്‍ വി വിഗ്‌നേശ്വരി തുടങ്ങിയവര്‍ സംസാരിക്കും.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞഅളവില്‍ ജലം മതിയെന്നതാണ് തോട്ടിയാര്‍ പദ്ധതിയുടെ പ്രത്യേകത. റണ്‍ ഓഫ് ദി റിവര്‍ സംവിധാനത്തിലാണ് പ്രവര്‍ത്തനം. 40 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള പദ്ധതിയില്‍ നിന്ന് പ്രതിവര്‍ഷം 99 മില്യണ്‍ യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ലക്ഷ്യമിടുന്നു. ട്രയല്‍ റണ്ണില്‍ 173 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിരുന്നു.
പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് ഉപയോഗിക്കുന്നത്. 30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാളറയില്‍ ദേവിയാറിനുകുറുകെ നിര്‍മിച്ച തടയണയും അനുബന്ധ ജലാശയവുമാണ് സ്രോതസ്. 222 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ ഉയരവുമുള്ള തടയണയില്‍ സംഭരിക്കുന്ന ജലം 60 മീറ്റര്‍ നീളമുള്ള കനാലിലൂടെയും തുടര്‍ന്ന് 199 മീറ്റര്‍ നീളമുള്ള ടണലിലൂടെയും 1252 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്കില്‍ എത്തിക്കുന്നു. 474.3 മീറ്റര്‍ ഉയരത്തില്‍ നിന്ന് പെന്‍സ്റ്റോക്കിലൂടെ ജലം പവര്‍ഹൗസിലെ വെര്‍ട്ടിക്കല്‍ ഷാഫ്റ്റ് പെല്‍ട്ടണ്‍ ടര്‍ബൈനുകളെ ചലിപ്പിക്കുന്നു.
പെരിയാറിന്റെ തീരത്ത്, ദേവികുളം താലൂക്കിലെ നീണ്ടപാറയിലാണ് തൊട്ടിയാര്‍ പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഉല്‍പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നു. 188 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. തൊട്ടിയാറിലെ രണ്ട് ജനറേറ്ററുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 11 കെ.വി, 220 കെ.വി. ട്രാന്‍സ്‌ഫോമറുകളിലൂടെ കടന്ന് സ്വിച്ച് യാര്‍ഡിലേക്കെത്തി ലോവര്‍ പെരിയാര്‍-ചാലക്കുടി 220 കെ.വി. ലൈനിലേക്ക് പ്രവഹിക്കുന്നു. നിര്‍മാണം അവസാനഘട്ടത്തിലെത്തിയ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ പദ്ധതി കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി എത്തിച്ചേരും.