ഇടുക്കി: അന്വേഷണസംഘം 48 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും മൊഴികള്‍ മാറ്റിപ്പറഞ്ഞ് പൊലീസിനെ കുഴക്കിയ പ്രതികള്‍ ഒടുവില്‍ കുറ്റസമ്മതം നടത്തിയതോടെ പീരുമേട്ടിലെ യുവാവിന്റെ കൊലപാതകത്തിലെ ചുരുളഴിഞ്ഞു. പീരുമേട് പള്ളിക്കുന്ന് വുഡ്‌ലാന്‍ഡ് എസ്‌റ്റേറ്റില്‍ കൊല്ലമറ്റത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍(29) കൊല്ലപ്പെട്ട കേസില്‍ അമ്മ പ്രേമ(50), ഇളയസഹോദരങ്ങളായ വിനോദ്(24), ബിനിത(26) എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 5നാണ് തൂങ്ങിമരിച്ചതായി അറിയിച്ച് ബന്ധുക്കള്‍ ബിബിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. ബിബിന്റെ സംസ്‌കാരത്തിനുശേഷം അമ്മയേയും സഹോദരങ്ങളെയും ചോദ്യം ചെയ്തു. ബിബിന്റേത് ആത്മഹത്യയാണെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ഓരോരുത്തരെയും പ്രത്യേകമായി ചോദ്യം ചെയ്തപ്പോള്‍ മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പെട്ടു. ഒടുവില്‍ മൂവരും കുറ്റസമ്മതം സമ്മതിച്ചു.
സംഭവദിവസം ബിനിതയുടെ മകളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെ ബിബിന്‍ മദ്യപിച്ച് വീട്ടിലെത്തി. ബിനിതയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. അമ്മ പ്രേമയെ ബിബിന്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതുകണ്ട ബിനിത ഫ്‌ളാസ്‌ക് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. വിനോദിന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകര്‍ന്നു. തുടര്‍ന്നാണ് തൂങ്ങിമരിച്ചതാണെന്നു കള്ളക്കഥ മെനഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 2019 ജനുവരി 28ന് ബിബിന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ പ്രതികള്‍ മെനഞ്ഞെടുത്ത കള്ളക്കഥ നാട്ടുകാര്‍ ഉള്‍പ്പെടെ വിശ്വസിച്ചു. കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍, എസ്എച്ച്ഒ ഗോപിചന്ദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.