ഇടുക്കി:മാട്ടുപ്പെട്ടി ജലാശയത്തില്‍ സീപ്ലെയിന്‍ പറന്നിറങ്ങിയതോടെ ജില്ലയുടെ ടൂറിസം വികസനത്തില്‍ മറ്റൊരധ്യായം കൂടി തുറന്നു. പരീക്ഷണപ്പറക്കല്‍ വിജയകരമാകുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെ ജില്ലയിലേക്ക് കൂടുതലായി വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീപ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ത്തന്നെ യാത്രയിലുടനീളം കാഴ്ചകള്‍ ആസ്വദിക്കാം.
മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള യാത്ര സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാകും. യാത്രാക്ലേശമില്ലാതെ ഇടുക്കിയില്‍ എത്താന്‍ കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സീ പ്ലെയിന്‍ പദ്ധതിയും ആരംഭിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നോ ഫ്രില്‍ എയര്‍ സ്ട്രിപ്പാണ് ഇടുക്കിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയില്‍ത്തന്നെ എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വണ്ടിപ്പെരിയാര്‍ സത്രത്ത് ആരംഭിച്ച എയര്‍ സ്ട്രിപ്പിനു പുറമേയാണ് പുതിയൊരു എയര്‍ സ്ട്രിപ്പ് കൂടി വിഭാവനം ചെയ്തിട്ടുള്ളത്.