മലയോര ഹൈവേ നിര്‍മാണം: കാഞ്ചിയാര്‍ പള്ളിക്കവല റോഡ് സൈഡിലെ കെട്ടിടങ്ങള്‍ ബുധനാഴ്ച പൊളിച്ചു നീക്കുമെന്ന് പഞ്ചായത്ത്
മലയോര ഹൈവേ നിര്‍മാണം: കാഞ്ചിയാര്‍ പള്ളിക്കവല റോഡ് സൈഡിലെ കെട്ടിടങ്ങള്‍ ബുധനാഴ്ച പൊളിച്ചു നീക്കുമെന്ന് പഞ്ചായത്ത്

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കാഞ്ചിയാര്‍ പള്ളിക്കവല റോഡ് സൈഡിലെ കെട്ടിടങ്ങള്‍ ബുധനാഴ്ച പൊളിച്ചു നീക്കുമെന്ന് പഞ്ചായത്തിന്റെ നോട്ടീസ്. ഇതോടെ വ്യാപാരികളും വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. കട്ടപ്പന മുതല്‍ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടാണ് കാഞ്ചിയാര്‍ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടത്. റോഡിന്റെ നിര്‍മാണവേളയില്‍ തന്നെ അധികൃതര്‍ ആദ്യം നിര്‍ദ്ദേശിച്ചനുസരിച്ച് വ്യാപാരികള്‍ കടകളുടെ മുന്‍ഭാഗം പൊളിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഐറിഷ് ഓടയും ഫുട്പാത്തുമടക്കം നിര്‍മിക്കുന്നതിനായി കടകള്‍ പൂര്‍ണമായും പൊളിച്ചു നീക്കണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. അതോടൊപ്പം റോഡിന്റെ വശങ്ങള്‍ കയ്യേറി നിര്‍മിച്ചിരിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ ആണ് ഇവയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്.
പലപ്രാവശ്യം കട പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കാത്തതിനാല്‍ 26- 6 -2024 ബുധനാഴ്ച പഞ്ചായത്ത് നേരിട്ട് വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് നീക്കുമെന്ന് കാണിച്ചാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.. ഇതോടെ ചെറുകിട കച്ചവടം നടത്തിയിരുന്ന വ്യാപാരികള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. നിത്യവൃത്തിക്കായി ഉപജീവനം നടത്തുന്നവരെ ദ്രോഹിച്ചുകൊണ്ടുള്ള പഞ്ചായത്തിന്റെ ഈ നടപടി തുടരാന്‍ അനുവദിക്കില്ലെന്നും. പഞ്ചായത്ത് ഇതില്‍ നിന്നും പിന്മാറണമെന്നും വ്യാപാരി വ്യവസായി സമതി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ നാളെ പൊളിക്കുന്നതിനെതിരെ ശക്തമായി പ്രതിരോധം സംഘടിപ്പിക്കും എന്നും വ്യാപാസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കപ്പ് പറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചാല്‍ നിരവധി ചെറുകിട കച്ചവടക്കാരാണ് ദുരിതത്തിലാകുന്നത്. വ്യാപാരികള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നും നല്‍കാതിയാണ് ഈ നടപടിയിലേക്ക് പഞ്ചായത്ത് കടന്നിരിക്കുന്നത്. കൂടാതെ വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവുകള്‍ വ്യാപാരികളില്‍ നിന്നും ഈടാക്കുമെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നു. ഇതോടെ കാഞ്ചിയാര്‍ പള്ളിക്കവലയില്‍ പ്രതിഷേധവും ശക്തമാവുകയാണ് .
What's Your Reaction?






