ഇടുക്കിയുടെ പോയകാല ഓര്‍മകളിലേക്കുള്ള മടക്കയാത്ര: ചിത്രപ്രദര്‍ശനം ശ്രദ്ധേയം
ഇടുക്കിയുടെ പോയകാല ഓര്‍മകളിലേക്കുള്ള മടക്കയാത്ര: ചിത്രപ്രദര്‍ശനം ശ്രദ്ധേയം

ഇടുക്കി: ജില്ലാതല ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചെറുതോണി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ആസ്വാദകരുടെ പ്രശംസപിടിച്ചുപറ്റി. ജില്ലയുടെ പേരും പെരുമയും അന്വര്‍ഥമാക്കുന്ന ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള അപൂര്‍വ ചിത്രങ്ങള്‍ക്കൊപ്പം ഇടുക്കിയുടെ പ്രകൃതി മനോഹാരിതയുമെല്ലാം പ്രദര്‍ശനത്തിലുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ ശബരിമല ക്ഷേത്രം, ഉത്സാവന്തരീക്ഷത്തിലുള്ള മംഗളാദേവി ക്ഷേത്രം, ജില്ലയില്‍ സമീപകാലത്തുണ്ടായ പെട്ടിമുടി, മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിലെ കാഴ്ചകളുമെല്ലാം ആളുകള്‍ക്ക് നവ്യാനുഭവമായി. പ്രദര്‍ശനം ഏറെ ശ്രദ്ധേയമാണെന്നും പരിപാടി സംഘടിപ്പിച്ച സുനില്‍ സെന്‍ട്രലിനെ അഭിനന്ദിക്കുന്നതായും ജില്ലാ പഞ്ചായത്തഗം കെ ജി സത്യന്‍ പറഞ്ഞു.
ഇടുക്കി പദ്ധതിയുടെ കാലത്ത് വൈദ്യുതി വകുപ്പ് നിയോഗിച്ച ഫോട്ടോഗ്രഫര്‍ വാഴത്തോപ്പ് സ്വദേശി എന്‍ എന്‍ രാജപ്പനാണ് സെന്‍ട്രല്‍ സ്റ്റുഡിയോ ആരംഭിച്ചത്. സ്റ്റുഡിയോയുടെ ശേഖരത്തിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പിന്നീട് രാജപ്പന്റെ മകന്‍ സുനില്‍ പകര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇടുക്കിയുടെ പോയ കാല ഓര്‍മകള്‍ നിലനിര്‍ത്താന്‍ ചിത്രപ്രദര്‍ശനം സഹായകരമായെന്ന് നിരവധിപേര്‍ പറഞ്ഞു.
What's Your Reaction?






