പോക്‌സോ കേസില്‍ കുറ്റവിമുക്തന്‍: മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ച് വണ്ടിപ്പെരിയാര്‍ പുതുക്കാട് സ്വദേശി ഷിബു
പോക്‌സോ കേസില്‍ കുറ്റവിമുക്തന്‍: മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ച് വണ്ടിപ്പെരിയാര്‍ പുതുക്കാട് സ്വദേശി ഷിബു

ഇടുക്കി: പോക്‌സോ കേസില്‍ വണ്ടിപ്പെരിയാര്‍ പശുമല പുതുക്കാട് സ്വദേശി ഷിബുവിനെ കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അന്താരാഷ്ട്ര പുരുഷദിനത്തില്‍ തന്നെ കുറ്റവിമുക്തനായതില്‍ സന്തോഷമുണ്ടെന്നും ഷിബു പറഞ്ഞു. 2021ലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ 14 വയസുകാരിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് ഷിബുവിനെതിരെ കേസെടുത്തത്. തുടര്‍ന്ന് 28 ദിവസം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ഈസമയം ഭാര്യയും നാല് മക്കളും സമൂഹത്തില്‍ ഒറ്റപ്പെട്ടതായും ഷിബു പറയുന്നു.
മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ചൊവ്വാഴ്ച ഷിബുവിനെ വെറുതെവിട്ട് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ഉത്തരവായി. നിരപരാധിത്വം തെളിയിക്കാന്‍ ആറുലക്ഷത്തിലേറെ രൂപ ചെലവായതായും ഇദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഷിബുവിനെ ചിലര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. കേസ് വ്യാജമാണെന്ന് ഇവര്‍തന്നെ സമ്മതിച്ചിട്ടും പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താനും കുടുംബവും അനുഭവിച്ച മനോവേദനകള്‍ ഏറെയാണെന്നും ഇപ്പോള്‍ സമൂഹത്തിനുമുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള വിധി പ്രഖ്യാപിച്ച കട്ടപ്പന കോടതിയോടും അഭിഭാഷകന്‍ ജോബി ജോര്‍ജിനോടും നന്ദി അറിയിക്കുന്നതായും ഷിബു പറഞ്ഞു. വ്യാജക്കേസ് ചമയ്ക്കുന്നവര്‍ക്കെതിരെയും ശരിയായ രീതിയില്‍ അന്വേഷണം നടത്താത്ത പൊലീസുകാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും ഷിബു ആവശ്യപ്പെട്ടു.
What's Your Reaction?






