കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്: മുന്‍ ഗോള്‍ഡ് അപ്രൈസര്‍ തട്ടിയത് 1.7 കോടി രൂപ
കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്: മുന്‍ ഗോള്‍ഡ് അപ്രൈസര്‍ തട്ടിയത് 1.7 കോടി രൂപ

ഇടുക്കി: കട്ടപ്പനയിലെ സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി മുന്‍ ഗോള്‍ഡ് അപ്രൈസര്‍ തട്ടിയത് 1.7 കോടി രൂപ. പ്രതി കട്ടപ്പന കൊല്ലംപറമ്പില്‍ കെ ജി അനില്‍കുമാര്‍ 2013 മുതല്‍ നടത്തിവന്ന തട്ടിപ്പ് കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തായത്. സൗഹൃദം മുതലെടുത്ത് 23 പേരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ബാങ്കില്‍ സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇവരുടെ പേരില്‍ 101 പണമിടപാടുകള്‍ നടത്തിയതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ബി വിജയനും സംഘവും കണ്ടെത്തി. ഫെബ്രുവരി 19ന് ബാങ്കില്‍ നടന്ന ഓഡിറ്റില്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇടപാടുകാരെ ഫോണില്‍ വിളിച്ച് പണം തിരിച്ചടയ്ക്കണമെന്ന് അറിയിച്ചു. ഇവര്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിഫലമായതോടെ കഴിഞ്ഞ 11ന് കട്ടപ്പന ഒന്നാം മജിസ്ട്രേറ്റ് കോടതി ജഡ്ജ് മുമ്പാകെ കീഴടങ്ങി. കട്ടപ്പനയില്‍ വര്‍ഷങ്ങളായി പഴയസ്വര്‍ണം തിരിച്ചെടുത്ത് ഉരുക്കി പുതിയത് പണിതുനല്‍കുന്ന ജോലി ചെയ്തിരുന്നയാളാണ് അനില്‍. ബാങ്കില്‍ ഗോള്‍ഡ് അപ്രൈസറായി ജോലിക്ക് കയറിയശേഷം ജീവനക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റി തട്ടിപ്പ് നടത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിചെയിന്‍ തട്ടിപ്പില്‍ അകപ്പെട്ടും ഏലത്തോട്ടം വാങ്ങിയ ഇടപാടിലും ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. അനില്‍കുമാറിന് കാര്യമായ സ്വത്തുക്കള്‍ ഇല്ലെന്നും വിവരം ലഭിച്ചിട്ടുണ്ട്.
What's Your Reaction?






