ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കാനെന്ന വ്യാജേന പണപ്പിരവ് നടത്തി തമിഴ്‌നാട് സ്വദേശികള്‍
ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കാനെന്ന വ്യാജേന പണപ്പിരവ് നടത്തി തമിഴ്‌നാട് സ്വദേശികള്‍

ഇടുക്കി: ശബരിമല ദര്‍ശനത്തിന് കാണിക്ക സമര്‍പ്പിക്കാനെന്ന വ്യാജേന പണപ്പിരവ് നടത്തി കുട്ടികള്‍. തമിഴ്നാട് സ്വദേശികളായ കുട്ടികള്‍ ചെറുസംഘങ്ങളായി തിരിഞ്ഞാണ് ജില്ലയുടെ വിവിധ മേഖലകളില്‍ പിരിവ് നടത്തുന്നത്. കുട്ടികളെ മുന്‍നിര്‍ത്തി നടത്തുന്ന തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. ശബരിമല ദര്‍ശനത്തിന് മൂന്നോടിയായുള്ള വ്രതത്തിന്റെ ഭാഗമായാണ് എത്തിയതെന്നായിരുന്നു കുട്ടികള്‍ പറഞ്ഞിരുന്നത്. ചെറിയ കുടവുമായി എത്തിയ കുട്ടികള്‍ക്ക് മിക്കവരും പണവും നല്‍കി. ഒരാഴ്ചയില്‍ അധികമായി ഇവര്‍ പതിവായി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ കുട്ടികളോട് വിവരം തിരക്കി. എന്നാല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞത്. മധുരയില്‍ നിന്നെത്തിയ തങ്ങള്‍ ശബരിമലയ്ക്ക് പോകുന്നതിന് മുന്നോടിയായി കമ്പത്ത് തങ്ങുകയാണെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് കമ്പം നിവാസികളാണെന്നും ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നതിനാണ് പണം സ്വരൂപിയ്ക്കുന്നതെന്നും അറിയിച്ചു. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവരുടെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് ഉടന്‍ എത്തിയെങ്കിലും കുട്ടികളില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ശേഖരിയ്ക്കാതെ അടുത്ത ബസിന് കയറി തമിഴ്നാട്ടിലേയ്ക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയിട്ടും ഇവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കാനോ, തമിഴ്നാട് പൊലീസില് വിവരം അറിയിക്കാനോ നെടുങ്കണ്ടം പൊലീസ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം നെടുങ്കണ്ടത്തിന് പുറമെ തൂക്കുപാലം, അടിമാലി, കമ്പംമെട്ട്, കട്ടപ്പന, കുമളി തുടങ്ങിയ വിവിധ മേഖലകളില്‍ കുട്ടികളുടെ സംഘങ്ങള്‍ എത്തുന്നതായാണ് വിവരം.
What's Your Reaction?






