ഏകദിന ഏലം ഗവേഷക സെമിനാര്‍ വെങ്ങാലൂര്‍കടയില്‍
ഏകദിന ഏലം ഗവേഷക സെമിനാര്‍ വെങ്ങാലൂര്‍കടയില്‍

ഇടുക്കി: വെങ്ങാലൂര്‍കട സ്‌പൈസസ് വാലി കര്‍ഷകസംഘവും കട്ടപ്പന സ്‌പൈസസ് ബോര്‍ഡും ചേര്‍ന്ന് ഏകദിന ഏലം ഗവേഷക സെമിനാര്‍ സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം, കൃഷി പരിപാലനം, കാര്‍ഷിക പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. കനത്ത വരള്‍ച്ചയെ തുടര്‍ന്ന് ഏലം കൃഷി നശിച്ചത് ജില്ലയിലെ കാര്‍ഷിക മേഖലക്ക് വലിയ വിള്ളലാണ് ഉണ്ടാക്കിയത്. അതില്‍നിന്നും കരകയറി വന്ന കര്‍ഷകര്‍ക്ക് ഒച്ചുശല്യവും തത്തകളുടെ ശല്യവും വിവിധങ്ങളായ രോഗബാധകളും വിളവിലെ ലഭ്യത കുറവും തിരിച്ചടിയായി. വിപണിയില്‍ നിലവില്‍ മികച്ച വില ലഭ്യമാണെങ്കിലും കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകുന്നില്ല. ഈ സാഹചര്യത്തില്‍ കൃഷിയെ എങ്ങനെ പരിപോഷിപ്പിക്കാം സംരക്ഷിക്കാം എന്നീ ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഏലം കൃഷിയിലെ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തില്‍ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ മുത്തുസ്വാമി മുരുകനും ഏലച്ചെടികളിലെ കീട നിയന്ത്രണം, സ്‌പൈസസ് ബോര്‍ഡിന്റെ വിവിധ കാര്‍ഷിക പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രജ്ഞന്‍ അജയ് ദിവാകരന്‍, സീനിയര്‍ അഗ്രികള്‍ച്ചര്‍ ഡെമോസ്‌ട്രേറ്റര്‍ രജിത്ത് ടി രവീന്ദ്രന്‍, താലൂക്ക് കൊ-ഓര്‍ഡിനേറ്റര്‍ അമലു ജോഷി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കര്‍ഷകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് ചോദ്യോത്തര വേളയും സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ് ജോസഫ്, വൈസ് പ്രസിഡന്റ് മുരളീധരന്‍ നായര്‍, സംഘം സെക്രട്ടറി പി കെ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






