കട്ടപ്പനയിലെ ഗതാഗത കുരുക്ക് പരിഹരിക്കണം: വൈഎംസിഎ

കട്ടപ്പനയിലെ ഗതാഗത കുരുക്ക് പരിഹരിക്കണം: വൈഎംസിഎ

Dec 19, 2024 - 17:50
 0
കട്ടപ്പനയിലെ ഗതാഗത കുരുക്ക് പരിഹരിക്കണം: വൈഎംസിഎ
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമര്‍പ്പിച്ചു. ചെയര്‍പേഴ്സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, ഷാജി കൂത്തോടിയില്‍, നഗരസഭ സെക്രട്ടറി എസ് മണികണ്ഠന്‍ എന്നിവര്‍ക്കാണ് ബുധന്‍ രാവിലെ റിപ്പോര്‍ട്ട് കൈമാറിയത്. നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് കേന്ദ്രങ്ങളുടെ അഭാവവും വ്യാപാരികളെയും വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ഗതാഗത തടസം അപകടങ്ങള്‍ക്കും കാരണമാകുന്നു. കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബുകള്‍, റോട്ടറി ക്ലബ്ബുകള്‍, മലയാളി ചിരി ക്ലബ്, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ ചേര്‍ന്നുനടത്തിയ പഠനത്തില്‍ വിവിധ ബൈപാസ് റോഡുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നമെന്ന് കണ്ടെത്തി. ഇത് കട്ടപ്പനയുടെയും മറ്റ് സ്ഥലങ്ങളുടെയും വികസനത്തിനും വഴിതെളിക്കും. നെടുങ്കണ്ടം റൂട്ടിലേക്കുള്ള വാഹനങ്ങള്‍ പാറക്കടവില്‍നിന്ന് ആനകുത്തി- അപ്പാപ്പന്‍പടി റോഡ് വഴി തിരിച്ചുവിട്ടാല്‍ കട്ടപ്പന- പുളിയന്‍മല റൂട്ടിലെ തിരക്ക് ഒഴിവാക്കാം.
അമ്പലക്കവല മൈത്രി ജങ്ഷനുസമീപമുള്ള റോഡ് പുനര്‍നിര്‍മിച്ചാല്‍ കോട്ടയം റൂട്ടിലെത്താനുള്ള പോക്കറ്റ് റോഡായി ഉപയോഗിക്കാം. പള്ളിക്കവലയില്‍ രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും സുഗമമായി യാത്ര ചെയ്യാം. പള്ളിക്കവലയില്‍ സെന്റ് ജോര്‍ജ് പള്ളി വക സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് വീതികൂട്ടി ട്രാഫിക് ഐലന്റ് സ്ഥാപിച്ചാല്‍ ഗതാഗത നിയന്ത്രണം സുഗമമാകും. കുന്തളംപാറ റോഡില്‍നിന്ന് ടി.ബി ജംഗ്ഷനിലേക്കുള്ള ഗതാഗതം നിരോധിച്ച് വണ്‍വേയാക്കിയാല്‍ പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. കെഎസ്ഇബി ജങ്ഷനിലെ സംരക്ഷണ ഭിത്തി മാറ്റി നിര്‍മിച്ചാല്‍ ആ ഭാഗത്തെ വാഹനക്കുരുക്കിന് പരിഹാരമാകും. ടൗണിലെ പോക്കറ്റ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം.
വെള്ളയാംകുടിയില്‍നിന്ന് ഗവ. കോളേജ് വഴി ഐ.ടി.ഐ. ജങ്ഷനിലെത്തുന്ന റോഡ് വീതികൂട്ടി നിര്‍മിച്ചിരുന്നു. ഈഭാഗം ടാര്‍ ചെയ്താല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടൗണിലെത്താതെ കോട്ടയം റൂട്ടില്‍ പ്രവേശിക്കാനാകും. തകര്‍ന്നുകിടക്കുന്ന നടപ്പാതകള്‍ നന്നാക്കണം. പ്രധാന കേന്ദ്രങ്ങളില്‍ സീബ്രാലൈനുകളും സ്ഥാപിക്കണം. കുന്തളംപാറ റോഡ് വണ്‍വേയാക്കിയാല്‍ തിരക്ക് കുറയ്ക്കാനാകും. ബെവ്കോ ഔട്ട്ലെറ്റിന്റെ മുമ്പിലെ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിക്കണം. വ്യാപാരികള്‍ അവരുടെ കടകള്‍ക്കുപിന്നില്‍ ലഭ്യമായിട്ടുള്ള സ്ഥലങ്ങള്‍ പാര്‍ക്കിംഗിനായി ഉപയോഗിക്കണം. പരമാവധി പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കണ്ടെത്തണം. കാര്‍ഡുകള്‍ ഉപയോഗിച്ച് പാര്‍ക്ക് ചെയ്യുന്നതിനുള്ള ആധുനിക പാര്‍ക്കിങ് സംവിധാനം നടപ്പാക്കണം.

രജിത്ത് ജോര്‍ജ്, കെ ജെ ജോസഫ്, പി എം ജോസഫ്,  ജോര്‍ജ്ജി മാത്യു,  ബൈജു അബ്രാഹം,  മനോജ് അഗസ്റ്റിന്‍,  രാജീവ് ജോര്‍ജ്, വികാസ് സക്കറിയാസ്, ഷാജി കെ ജോര്‍ജ്, കെ എസ് മാത്യു, ജോസ് തോമസ്,സജി ടി എന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow