ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിനിയുടെ 6.18 ലക്ഷം തട്ടി: 4 പേര്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിനിയുടെ 6.18 ലക്ഷം തട്ടി: 4 പേര്‍ അറസ്റ്റില്‍

ഇടുക്കി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിനിയുടെ 6.18ലക്ഷം രൂപ തട്ടിയ കേസില്‍ 4 പേരെ തൊടുപുഴ പൊലീസ് അറസ്റ്റ്‌ചെയ്തു. എറണാകുളം പട്ടിമറ്റം മുരയിന്‍ചിറ ഫാരിസ് (24), ഇയാളുടെ ബന്ധു റമീസ്(22), വടുതല ചേരാനല്ലൂര്‍ ബൈതുള്‍നസറില്‍ ഫസല്‍(21), കുമാരപുരം പുളിക്കല്‍ സംഗീത്(22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇ- കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റേതെന്ന വ്യാജേന ടെലഗ്രാം വഴി യുവതിക്ക് ലിങ്ക് അയച്ചുകൊടുത്തിരുന്നു. ഇതിലുള്ള ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ വന്‍തുക സമ്മാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. ടാസ്‌കിലേക്ക് കടക്കണമെങ്കില്‍ ഗൂഗിള്‍ പേയിലൂടെ നിശ്ചിത തുക അയയ്ക്കണം. ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ ഇരട്ടിത്തുക തിരിച്ചു നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
യുവതി 6.18ലക്ഷം രൂപ പലതവണയായി നല്‍കി. ടാസ്‌കിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കാട്ടി തട്ടിപ്പുകാര്‍ വ്യാജ സന്ദേശവും യുവതിക്ക് അയച്ചു. എന്നാല്‍ അക്കൗണ്ടില്‍ പണം ലഭിച്ചില്ലെന്ന് വ്യക്തമായതോടെ തൊടുപുഴ പൊലീസില്‍ പരാതി നല്‍കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ 4 പേരെ പിടികൂടിയത്.
What's Your Reaction?






