കട്ടപ്പന പൊതുമാര്‍ക്കറ്റ് നവീകരണം: വ്യാപാരികള്‍ക്ക് സമയം അനുവദിക്കണം: വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി
കട്ടപ്പന പൊതുമാര്‍ക്കറ്റ് നവീകരണം: വ്യാപാരികള്‍ക്ക് സമയം അനുവദിക്കണം: വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി

ഇടുക്കി: കട്ടപ്പന പൊതുമാര്‍ക്കറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമുമ്പ് വ്യാപാരികള്‍ക്ക് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സണ് വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് സമയം ആവശ്യമാണ്. കട്ടപ്പന പൊതുമാര്‍ക്കറ്റിലെ ഉള്‍പ്പടെ വിവിധ റോഡുകള്‍ തകര്‍ന്നുകിടക്കുന്നതില്‍ വ്യാപാരി വ്യവസായി സമിതി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഇവ പരിഹരിക്കപ്പെടണമെന്ന് കാണിച്ച് നിരവധി നിവേദനങ്ങളും നല്‍കി. തുടര്‍ന്നാണ് നഗരസഭ പൊതു റോഡുകളും പൊതുമാര്‍ക്കറ്റിലെ റോഡുകളും നവീകരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ പണികള്‍ ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ വേണ്ടത്ര അറിയിപ്പുകള്‍ വ്യാപാരികള്‍ക്ക് ലഭിക്കാത്തതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അടക്കം മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയും പൊടിപടലങ്ങള്‍ പടര്‍ന്ന് വ്യാപാര വസ്തുക്കളിലേക്ക് എത്തുകയും ചെയ്യും. ആയതിനാല്‍ വ്യാപാരികള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് സമയം നല്‍കണമെന്നാണ് സമിതിയുടെ ആവശ്യം. ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡിലെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കട്ടപ്പന ബാല ആശുപത്രിയുടെ മുമ്പിലൂടെയുള്ള റോഡിലൂടെയാണ് ബസുകള്‍ ഉള്‍പ്പെടെയുള്ളവ ബസ് സ്റ്റാന്‍ഡിലേയ്ക്ക് എത്തുന്നത്. വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത്തിനാല്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. കോണ്‍ട്രാക്ടറുമായും മറ്റ് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരുമായും ചര്‍ച്ചചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ നേതൃത്വം മറുപടി നല്‍കി.
What's Your Reaction?






