മൂന്നാര്‍ നല്ലതണ്ണി പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നു: കാല്‍നടയാത്രികര്‍ ദുരിതത്തില്‍
മൂന്നാര്‍ നല്ലതണ്ണി പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നു: കാല്‍നടയാത്രികര്‍ ദുരിതത്തില്‍
ഇടുക്കി: മൂന്നാര്‍ ടൗണിലെ നല്ലതണ്ണി പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ യാത്ര ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപ്പാലം 2023 ഡിസംബര്‍ 8നാണ് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്നാര്‍ എം ജി നഗര്‍ സ്വദേശിക്ക് പരിക്കേറ്റിരുന്നു. പാലം തകര്‍ന്നതോടെ ജിഎച്ച് റോഡില്‍നിന്ന് നല്ലതണ്ണിയിലേക്ക് പോകുന്ന കാല്‍നടയാത്രക്കാര്‍ തിരക്കേറിയ നല്ലതണ്ണി ജങ്ഷനിലൂടെ ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്. പാലം നിര്‍മിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നാര്‍-ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാനപാത കടന്നുപോയിരുന്നത്. എന്നാല്‍ കാലപ്പഴക്കം ചെന്നതോടെ കാല്‍നട യാത്ര മാത്രമായി പരിമിതപ്പെടുത്തി. വാഹനങ്ങള്‍ കടന്നുപോകുന്നതിനായി അല്‍പം അകലെയായി മറ്റൊരു പാലം നിര്‍മിച്ചു. വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഈ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്. തിരക്കേറിയ പുതിയ പാലത്തിലൂടെയുള്ള കാല്‍നടയാത്ര പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
What's Your Reaction?