ഇടുക്കി: തമിഴ്‌നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കലിനെ വരവേല്‍ക്കാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ജനുവരി 14 മുതല്‍ മൂന്നുദിവസങ്ങളിലായി പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കും. പൊങ്കലിലെ പ്രധാന ഇനമായ കരിമ്പിന്റെ വിളവെടുപ്പും ഉടന്‍ ആരംഭിക്കും. ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലായി താമസിക്കുന്ന തമിഴ് വംശജരും അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്നവരുമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, മനപ്പൊങ്കല്‍ എന്നിങ്ങനെയാണ് ആഘോഷങ്ങള്‍ നടക്കുക.
പൊങ്കലിനെ പ്രധാന ഇനമായ കരിമ്പിന്റെ വിളവെടുപ്പുകാലവും തുടങ്ങി. പ്രധാന വിഭവമായ പൊങ്കല്‍ തയാറാക്കാനാണ് കരിമ്പ് ഉപയോഗിക്കുന്നത്. ജില്ലയില്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ വന്‍തോതില്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ തേനി ജില്ലയില്‍പെട്ട കമ്പം, ഗൂഡല്ലൂര്‍ മേഖലകളില്‍ ഹെക്ടര്‍ കണക്കിന് ഏക്കര്‍ സ്ഥലത്താണ് കരിമ്പ് കൃഷിയുള്ളത്.
തമിഴ്‌നാട്ടില്‍നിന്നെത്തുന്ന കരിമ്പാണ് പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളിലെ ടൗണുകളില്‍ വില്‍ക്കുന്നത്. പൊങ്കല്‍ ആഘോഷം ആരംഭിക്കുംമുമ്പേ തമിഴ്‌നാട്ടിലെ ദേശീയപാതയോരങ്ങളില്‍ ഇതിനോടകം കരിമ്പ് വില്‍പ്പന തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ പൊങ്കല്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.